ബിജെപി നേതാക്കളുടെ നിലപാട് കേരളത്തിന് തിരിച്ചടി

കേരളത്തിന് തിരിച്ചടിയായി ബിജെപി നേതാക്കളുടെ നീക്കം; മണ്ണിട്ട് തടഞ്ഞ അതിര്‍ത്തികള്‍ കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ തുറക്കില്ല. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍കുമാര്‍ കട്ടീല്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ എതിര്‍പ്പാണ് വിലങ്ങുതടിയാകുന്നത്. കാസര്‍കോട് നിന്നുള്ള ഡയാലിസിസ് രോഗികള്‍ക്ക് മംഗളൂരുവില്‍ ചികിത്സ ലഭ്യമാക്കണമെന്ന് മംഗളൂരു എംഎല്‍എ യു.ടി. ഖാദര്‍ ആവശ്യപ്പെട്ടു.

കേരളത്തിലേയ്ക്കുള്ള അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ച് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ നിലപാട് ആരാഞ്ഞിരുന്നു. കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ തുറക്കേണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായം. നളിന്‍കുമാര്‍ കട്ടീലിനു പുറമെ ജില്ലയുടെ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിയും അതിര്‍ത്തി അടഞ്ഞുകിടന്നാല്‍ മതിയെന്ന നിലപാടിലാണ്. ജാഗ്രത തുടരുമ്പോഴും അടിയന്തിര ചികിത്സവേണ്ട വൃക്കരോഗികളുടെ കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് യു.ടി.ഖാദര്‍ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഇതുപോലും ചെവിക്കൊള്ളാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായില്ല. കോവിഡ് രോഗം പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക്ക് വിഭാഗത്തിലാണ് മംഗളൂരു നഗരം ഉള്‍പ്പെടുന്നതെന്നാണ് ന്യായീകരണം. അതുകൊണ്ടുതന്നെ അതിര്‍ത്തികള്‍ ഉടന്‍ തുറക്കില്ലെന്ന് യു.ടി.ഖാദര്‍ പറഞ്ഞു. കര്‍ണാടക നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടലാണ് കേരളം പ്രതീക്ഷിക്കുന്നത്.

pathram:
Leave a Comment