മദ്യം കിട്ടാതെ വീണ്ടും ആത്മഹത്യ; ഇതുവരെ മരിച്ചത് ആറ് പേര്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം കൂടുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മദ്യവില്‍പന നിര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. തൃശൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ജീവനൊടുക്കിയത്.ഇതോടെ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തവരുടെ എണ്ണം കേരളത്തില്‍ ആറായി. ആറാട്ടുകടവ് ബണ്ട് ചാലില്‍ മുങ്ങി മരിച്ച നിലയില്‍ തൃശൂര്‍ വെങ്ങിണിശേരി സ്വദേശി ഷൈബു (47) വിനെയാണ് കണ്ടെത്തിയത്.

കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയായ ഷൈബു മദ്യം ലഭിക്കാത്തതിലുള്ള മാനസിക പ്രയാസം മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ബാറുകള്‍ക്ക് പിന്നാലെ ബീവറേജസ് ഔട്ട്‌ലറ്റുകള്‍ അടച്ചത് മൂലം ആദ്യത്തെ ആത്മഹത്യ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതും തൃശ്ശൂരില്‍ നിന്നാണ്. തൃശൂര്‍ കുന്നംകുളത്ത് കുളങ്ങര വീട്ടില്‍ 38 കാരനായ സനോജായിരുന്നു ആദ്യ ഇര. പെയിന്റിംഗ് തൊഴിലാളിയായ സനോജ് ദിവസത്തില്‍ മൂന്ന് തവണയെങ്കിലും അടുത്തുള്ള ബാറില്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കള്‍ വിവരം നല്‍കിയിട്ടുണ്ട്.

കൊല്ലം കുണ്ടറയിലും മദ്യം ലഭിക്കാത്ത മനോവിഷമം മൂലം യുവാവ് ആത്മഹത്യ ചെയ്ത സംഭവമുണ്ടായി. കുണ്ടറ എസ്‌കെ ഭവനില്‍ സുരേഷാണ് തൂങ്ങി മരിച്ചത്. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ കണ്ണാടി വെളിച്ചം സ്വദേശി വിജില്‍ കെ സി, നോര്‍ത്ത് പറവൂരില്‍ വാസു , തിരുവനന്തപുരം ആങ്കോട്ടിലില്‍ കൃഷ്ണന്‍ കുട്ടി, ആലപ്പുഴ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയ ക്ഷേത്രത്തിലെ പുള്ളുവന്‍ പാട്ടുകാരനായ കാര്‍ത്തികപ്പള്ളി സ്വദേശി ഹരിദാസന്‍ എന്നിവരും മരണമടഞ്ഞിരുന്നു.

ബിവറേജസ് പൂട്ടിയതിന് ശേഷം മദ്യം കിട്ടാതെ പതിവായി ഷേവിംഗ് ലോഷന്‍ കഴിച്ചതിനെ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായിരുന്ന നൗഫല്‍ എന്നയാളും മരണമടഞ്ഞിരുന്നു. മലപ്പുറത്ത് രണ്ട് പേര്‍ മദ്യം ലഭിക്കാത്തതിനെ തുട!ര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു. മദ്യം ലഭിക്കാത്ത നിരാശ മൂലം ചങ്ങനാശ്ശേരിയില്‍ യുവാവ് ഷോപ്പിംഗ് കോപ്ലക്‌സിന് മുന്നില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

pathram:
Leave a Comment