കൊറോണയില്‍ വിറച്ച് അമേരിക്ക; ഒരു ദിവസം 16000 പുതിയ രോഗികള്‍; മഹാമാരി ഏറ്റവും കൂടുതല്‍ യുഎസില്‍

അമേരിക്കയില്‍ ഒറ്റദിവസം പതിനാറായിരത്തില്‍പ്പരം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവര്‍ ഏറ്റവുമധികം അമേരിക്കയില്‍. ലോകത്താകെ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഇരുപത്താറായിരത്തിലധികമായി. ഏറ്റവുമധികം ആളുകള്‍ മരിച്ച ഇറ്റലിയില്‍ 919പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 9134 ആയി. രോഗബാധിതരുടെ എണ്ണത്തിലും ഇറ്റലി ചൈനയെ മറികടന്നു.

വ്യാഴാഴ്ചവരെ ചൈനയിലായിരുന്നു ഏറ്റവും അധികം രോഗബാധിതര്‍. അവിടെ ഇതുവരെ 81340 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 74588പേര്‍ രോഗമുക്തരായി. അഞ്ചുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ വെള്ളിയാഴ്ച 3292 ആയി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 55 പേരില്‍ 54പേരും വിദേശത്തുനിന്ന് രോഗലക്ഷണവുമായി എത്തിയവരാണ്.

അമേരിക്കയില്‍ മരണസംഖ്യ 2000 കടന്നു. വ്യാഴാഴ്ച കുറഞ്ഞത് 265 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചത്തെ മരണസംഖ്യ അറിവായിട്ടില്ല. അമേരിക്കയിലെ രോഗികളില്‍ 1868പേര്‍ മാത്രമാണ് സുഖംപ്രാപിച്ചത്.

ഇറ്റലിയില്‍ വ്യാഴാഴ്ചവരെ 10361 പേര്‍ രോഗമുക്തരായി. 64059 പേര്‍ക്ക് രോഗം ബാധിച്ച സ്‌പെയിനില്‍ 769 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 4858 ആയി. ഇവിടെ 9357പേര്‍ രോഗമുക്തരായിട്ടുണ്ട്.ഫ്രാന്‍സിലും മരണസംഖ്യ കുത്തനെ കൂടി രണ്ടായിരത്തോട് അടുത്തു.

29155 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും രോഗം സ്ഥിരീകരിച്ചു. 15000ല്‍പ്പരം ആളുകള്‍ക്ക് രോഗമുള്ള ബ്രിട്ടനില്‍ മരണസംഖ്യ ആയിരത്തോടടുക്കുന്നു. എന്നാല്‍, അരലക്ഷത്തോളം രോഗികളുള്ള ജര്‍മനിയില്‍ വെള്ളിയാഴ്ചവരെ മരണസംഖ്യ 304.

മധ്യപൗരസ്ത്യ ദേശത്ത് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഇറാനില്‍ 144 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2378 ആയി. ഇവിടെ 32332 രോഗികളില്‍ 11133പേര്‍ രോഗമുക്തരായി.

ദക്ഷിണാഫ്രിക്ക, ഉസ്‌ബെക്കിസ്ഥാന്‍, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളില്‍ ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറ്റിഎണ്‍പത്തഞ്ചോളം രാജ്യങ്ങളില്‍ ബാധിച്ച മഹാമാരിയെ ചെറുക്കാന്‍ ലോകത്താകെ കൂട്ടായ ശ്രമങ്ങള്‍ ഊര്‍ജിതമായിട്ടുണ്ട്.

pathram:
Related Post
Leave a Comment