കടയിലെത്തിയ യുവതി മനഃപൂര്‍വ്വം ഭക്ഷണസാധനങ്ങളില്‍ തുപ്പി; നഷ്ടം 26ലക്ഷം രൂപ

കോവിഡ് പരക്കാതിരിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ലോകമെങ്ങുമുള്ള ജനങ്ങള്‍. അതിനിടെ ഇങ്ങനെ ചില സംഭവങ്ങളും നടക്കുന്നുണ്ട്. കടയിലെ ഭക്ഷണസാധനങ്ങളിലേക്ക് യുവതി ചുമച്ചു തുപ്പിയതിനെ തുടര്‍ന്ന് 25ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കേണ്ടിവന്നു എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ആണ് സംഭവം. കോവിഡ് രോഗഭീതി നിലനില്‍ക്കെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച യുവതിക്കെതിരേ ക്രിമിനല്‍ കേസെടുക്കും. യുവതി മനഃപൂര്‍വം ചെയ്തതാണ് ഇതെന്നും റിപ്പോര്‍ട്ടുണ്ട്.

ഹനോവറിലെ ഗ്രെറ്റി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവതിയാണ് ബേക്കറി, മാംസ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കു മേല്‍ ചുമച്ചു തുപ്പിയത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. യുവതിയുടെ അസാധാരണ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ അവരെ ഉടന്‍ തന്നെ കടയ്ക്കു പുറത്താക്കി പൊലീസിനെ വിവരം അറിയിച്ചു.

മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അവരെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കു കൊറോണ വൈറസ് ബാധയുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കൃത്യമായ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.

യുവതി കടയില്‍ പോയ വഴികളെല്ലാം കൃത്യമായി കണ്ടെത്തി അവര്‍ ചുമച്ചു തുപ്പിയ വസ്തുക്കളെല്ലാം ഉടന്‍ തന്നെ നശിപ്പിച്ചു കളയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കട അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചു. കോവിഡ് രോഗം രൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം പ്രവൃത്തികള്‍ വളരെ ഗൗരവത്തോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. മനഃപൂര്‍വം രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.

ഈ ആഴ്ച ആദ്യം ന്യൂജഴ്‌സിയില്‍ ഇത്തരത്തില്‍ പലചരക്കു കടയിലെത്തി ഉല്‍പന്നങ്ങള്‍ക്കു മേല്‍ ചുമച്ചുതുപ്പിയ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. തനിക്കു കോവിഡ് ഉണ്ടെന്നു പറഞ്ഞ യുവാവിനെതിരെ ഭീകരവാദ ഭീഷണി കുറ്റമാണു ചുമത്തിയിരിക്കുന്നത്.

pathram:
Leave a Comment