കൊറോണ ‘അത്ഭുത മരുന്ന്’: കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം. കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. നിലവില്‍ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയാണു കൊറോണ. മലേറിയ ഒഴിവാക്കാനും ചികിത്സിക്കാനും ഉപയോഗിച്ചിരുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന ‘അദ്ഭുതമരുന്ന്’ കൊറോണയ്ക്കും ഫലപ്രദമാണെന്നു കഴിഞ്ഞദിവസം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് അറിയിച്ചിരുന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ബുധനാഴ്ചയാണു ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതി നിരോധിച്ച് വിജ്ഞാപനമിറക്കിയത്. ഹൈഡ്രോക്‌സി ക്ലോറോക്വിനു രോഗം ഭേദമാക്കാന്‍ ശേഷിയുണ്ടെന്ന പ്രതീക്ഷ നേരത്തേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവച്ചിരുന്നു. ഐസിഎംആര്‍ ഇക്കാര്യം ശരിവച്ചതോടെ പലരാജ്യങ്ങളിലും മരുന്നിന്റെ ആവശ്യവും കയറ്റുമതിയും കൂടി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മരുന്നിന് രാജ്യത്തിനകത്ത് ആവശ്യം കൂടുമെന്നതു കണക്കിലെടുത്താണു തീരുമാനം.

കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്നവര്‍, വീട്ടില്‍ ക്വാറന്റീന്‍ ചെയ്യപ്പെട്ട രോഗികളുമായി ഇടപഴകിയവര്‍ എന്നിവര്‍ക്കാണു മരുന്നു നല്‍കുക. ഐസിഎംആര്‍ നിയോഗിച്ച കര്‍മസമിതി, വൈറസ് ബാധയ്ക്ക് ഏറെ സാധ്യതയുള്ള വിഭാഗമെന്ന ഗണപ്പെടുത്തില്‍പ്പെടുത്തിയാണ് ഇവരെ ശുപാര്‍ശ ചെയ്തത്. സാര്‍സ് രോഗത്തിനെതിരെ ഉപയോഗിച്ചു ഫലം ചെയ്തതിന്റെ മുന്നനുഭവവും നിലവിലെ ലബോറട്ടറി പഠനങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമാണു മരുന്നിനു പച്ചക്കൊടി കാട്ടാന്‍ ഐസിഎംആറിനെ പ്രേരിപ്പിച്ചത്.

കൊറോണ രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണെങ്കില്‍ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം വീതം, ശേഷം ആഴ്ചയില്‍ ഒരു തവണ 400 മില്ലിഗ്രാം വീതം തുടര്‍ച്ചയായി ഏഴാഴ്ചകളില്‍. വീട്ടില്‍ ക്വാറന്റീനിലുള്ള കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകുന്നവരാണെങ്കില്‍ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം, ശേഷം, ആഴ്ചയില്‍ ഒരുതവണ 400 മില്ലിഗ്രാം വീതം തുടര്‍ച്ചയായ മൂന്നാഴ്ചകളില്‍ (ഉച്ചഭക്ഷണത്തോടൊപ്പം) ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കാമെന്നായിരുന്നു ഐസിഎംആര്‍ വ്യക്തമാക്കിയത്.

pathram:
Related Post
Leave a Comment