എന്നാ എന്നാലും എന്റെ കുടിയന്‍മാരെ… ജനതാ കര്‍ഫ്യൂ: കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് രൂപയുടെ മദ്യം

തിരുവനന്തപുരം : കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനു തലേദിവസം കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന. 22ന് രാവിലെ 7 മുതല്‍ രാത്രി 9 വരെയായിരുന്നു ജനതാ കര്‍ഫ്യൂ. 21ന് സംസ്ഥാനത്തെ ബവ്‌റിജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യം. വെയര്‍ഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യം. കഴിഞ്ഞവര്‍ഷം ഇതേദിവസം ബവ്‌റിജസ് ഔട്ട്‌ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യമാണ്. വില്‍പനയിലെ വര്‍ധന 118.68%.

265 മദ്യവില്‍പനശാലകളാണു ബവ്‌റിജസ് കോര്‍പറേഷനുള്ളത്. കണ്‍സ്യൂമര്‍ഫെഡിന്റെ 36 മദ്യവില്‍പനശാലകളുടെ കണക്ക് ലഭിച്ചിട്ടില്ല. ശരാശരി 26 കോടിയുടെ മദ്യവില്‍പനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. എന്നാല്‍ ജനതാ കര്‍ഫ്യൂവിന്റെ തലേദിവസത്തെ വില്‍പന അധികൃതരുടെ കണക്കുകൂട്ടലിനും അപ്പുറത്തായി. മദ്യത്തില്‍ നിന്നുള്ള വില്‍പന നികുതി 2018- 19 ല്‍ 9615 കോടി രൂപയായിരുന്നു. 2019 20 (ജനുവരി 31വരെ) 7864.71 കോടി നികുതിയായി ലഭിച്ചു.

2018–19ല്‍ വിറ്റത് 216.34 ലക്ഷം കേയ്‌സ് മദ്യവും 121.12 ലക്ഷം കേയ്‌സ് ബിയറുമാണ്. 2019–20ല്‍ 186.82 ലക്ഷം കേയ്‌സ് മദ്യവും 96.20 ലക്ഷം കേയ്‌സ് ബിയറും വിറ്റു. 2009–10 മുതല്‍ 2018–19 വരെ ബാറുകള്‍, മറ്റ് ലൈസന്‍സികള്‍, കണ്‍സ്യൂമര്‍ഫെഡ്, ബവ്‌റിജസ് കോര്‍പറേഷന്‍ തുടങ്ങിയവ വഴി വിറ്റത് 99,473 കോടിയുടെ മദ്യമാണ്. കള്ളുഷാപ്പുകള്‍വഴിയുള്ള വില്‍പനയുടെ കണക്ക് ഇതില്‍പ്പെടില്ല.

pathram:
Leave a Comment