തൃശൂരില്‍ രണ്ടാമത് രോഗം സ്ഥിരീകരിച്ച വ്യക്തി രോഗ വിമുക്തനായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മുന്‍ തിരുവനന്തപുരം മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വികെ പ്രകാശ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.
ഫെബ്രുവരി 29ന് ഖത്തറില്‍ നിന്നെത്തിയ 21കാരനായ യുവാവാണ് രോഗമുക്തനായതെന്നാണ് സൂചന. തൃശൂര്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് ഇയാളെ കണ്ടെത്തി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നേരത്തെ, കേരളത്തില്‍ ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയും അസുഖം ഭേദമായി തിരികെ പോയിരുന്നു. ആകെ നാലു പേരാണ് സംസ്ഥാനത്ത് ഇതുവരെ രോ ഗവിമുക്തരായത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 6 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. 2 പേര്‍ കോഴിക്കോട് സ്വദേശികള്‍. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 105 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 8 പേരും ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ ഖത്തറില്‍ നിന്നും മറ്റൊരാള്‍ യുകെയില്‍ നിന്നും വന്നു. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രോഗം ബാധിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെട്ടിട്ടുണ്ട്.
Leave a Comment