പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: കൊറോണ ബാധിതരുടെ എണ്ണം 500 പിന്നിട്ട പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന കാര്യം മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതു രണ്ടാം തവണയാണ് കൊറോണമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രി ജനതയോടു സംസാരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ സംബോധനയിലാണു ഞായറാഴ്ച ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്.

നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പലരും ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്നതു ദുഃഖകരമാണെന്നു കഴിഞ്ഞദിവസം മോദി ട്വീറ്റ് ചെയ്തിരുന്നു. നിര്‍ദേശങ്ങള്‍ പാലിക്കൂ, നിങ്ങലെയും കുടുംബത്തെയും രക്ഷിക്കൂ. നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്നു സംസ്ഥാനങ്ങളും ഉറപ്പാക്കൂ എന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണമായോ ഭാഗികമായോ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

ആഭ്യന്തര യാത്രാവിമാന സര്‍വീസ് ഇന്ന് അര്‍ധരാത്രി നിര്‍ത്തിവയ്ക്കും. രാജ്യാന്തര യാത്രാവിമാനങ്ങളുടെ വരവ് ഞായറാഴ്ച നിര്‍ത്തിയിരുന്നു. എല്ലാ യാത്രാ ട്രെയിനുകളും സംസ്ഥാനാന്തര ബസ് സര്‍വീസുകളും കഴിഞ്ഞ ദിവസം നിര്‍ത്തി. രാജ്യാന്തര, ആഭ്യന്തര ചരക്കുവിമാനങ്ങള്‍ക്കു വിലക്കില്ല. കോവിഡ് പ്രതിരോധം സംബന്ധിച്ചു പ്രധാനമന്ത്രി വിവിധ മേഖലകളിലുള്ളവരുമായി വിഡിയോ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. രോഗനിര്‍ണയ കിറ്റുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. അവശ്യമരുന്നുകള്‍ക്കു ക്ഷാമം നേരിടാതിരിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനും നടപടികളെടുക്കാന്‍ അഭ്യര്‍ഥിച്ചു.

ഇതിനിടെ, രാവിലെ മോദി ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ വൈറലായി. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നന്ദി രേഖപ്പെടുത്താനായി ആളുകള്‍ വീടിനു പുറത്തിറങ്ങി കയ്യടിക്കുകയും മണി കിലുക്കുകയും പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചു ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നു. ട്വിറ്ററില്‍ ഇതിന്റെ വിഡിയോകളും ചിത്രങ്ങളും ധാരാളമായി പ്രചരിച്ചിരുന്നു. ഹൈദരാബാദിലെ തെരുവിലെ ചെറിയ കുടിലിനു വെളിയിലിരുന്നു വയോധിക കയ്യടിക്കുന്ന വിഡിയോ ആണു മോദി പങ്കുവച്ചത്. ‘ഈ അമ്മയുടെ വികാരത്തെ ബഹുമാനിക്കണം. എല്ലാവരും വീടുകളിലിരിക്കൂ എന്നാണ് ഈ അമ്മ നല്‍കുന്ന സന്ദേശം’– മോദി ട്വീറ്റ് ചെയ്തു.

pathram:
Leave a Comment