കരുതിവച്ച ഭക്ഷണ സാധനങ്ങളും പണവും തീരുന്നു; കേന്ദ്ര സര്‍ക്കാരിനോട് സഹായം തേടി മലയാളികള്‍…

നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് 19 ഇറ്റലിയില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവിഡിനെ തടയാന്‍ ഇറ്റലിയില്‍ അടച്ചുപൂട്ടല്‍ രണ്ടാഴ്ചയാകുന്നു. എല്ലാവരും വീട്ടില്‍നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. കരുതിവച്ച ഭക്ഷണസാധനങ്ങളും കയ്യിലെ കാശും തീരുമോയെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍. നിയന്ത്രണങ്ങള്‍ പാലിച്ചു വീട്ടിനകത്തു കഴിയുന്ന ഇവര്‍ ഇനിയെന്തെന്ന ചോദ്യത്തിനു മുന്നില്‍ ആശങ്കയോടെ കഴിയുകയാണ്.

അവശ്യവസ്തുക്കള്‍ നിയന്ത്രണങ്ങളോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നുണ്ടെങ്കിലും കുറച്ചു ദിവസങ്ങള്‍ കൂടി നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ ക്ഷാമം നേരിടുമോയെന്നാണ് ഉയരുന്ന ഭീതി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ സാഹചര്യത്തെ ഫലപ്രദമായി നേരിട്ടാലും കയ്യിലെ പണം തീരാറായി എന്നതാണു സാധാരണ ജോലികളില്‍ ഏര്‍പ്പെട്ടുവന്ന ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി.

ഇറ്റലിയില്‍ കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനകം രണ്ടു പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയെങ്കിലും നേപ്പിള്‍സില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളത്തിലെത്താന്‍ നിര്‍വാഹമില്ലായിരുന്നു. കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യന്‍ ക്യാംപിലും എത്താന്‍ ആകുന്നില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയാണു മലയാളികള്‍ അടക്കം നൂറിലേറെപ്പേര്‍.

നേപ്പിള്‍സിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണത്തിനും പരസ്പരം ബന്ധപ്പെടുന്നതിനും ആരംഭിച്ച വാട്‌സാപ് ഗ്രൂപ്പാണ് ‘സേവ് ഇന്ത്യന്‍സ്’. കൈമാറിയെത്തുന്ന ഇന്‍വിറ്റേഷന്‍ ലിങ്കിലൂടെ ഗ്രൂപ്പില്‍ അംഗമായ നൂറിലേറെ ആള്‍ക്കാരില്‍ ഏറെപ്പേരുടെയും ആവശ്യം നാട്ടില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നാണ്.

പലരും സര്‍ക്കാര്‍ അധികൃതര്‍ക്കു കൈമാറാനായി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയാണ്. ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ എംബസിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വിളിച്ചെങ്കിലും ഫോണ്‍ എടുക്കുന്നില്ല. കൊറോണ ബാധിച്ചവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും ആധിക്യം കാരണം ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്നതാണു നാട്ടിലേക്കു വരാന്‍ ആള്‍ക്കാര്‍ ശ്രമിക്കുന്നതിനു പ്രധാന കാരണം. സ്ത്രീകളെയും കുട്ടികളുടെയും പ്രായമായവരെയെങ്കിലും പ്രത്യേക പരിഗണന നല്‍കി നാട്ടില്‍ എത്തിക്കണമെന്നാണു മിക്കവരുടെയും അപേക്ഷ.

ഇക്കാര്യം ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ നിവേദനം പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നല്‍കാനും നീക്കമുണ്ട്. അതേസമയം നാട്ടിലെ സാഹചര്യങ്ങള്‍ പരിഗണിച്ചു നിലവില്‍ ഇറ്റലിയില്‍ തന്നെ തുടരാമെന്നു കരുതുന്നവരുമുണ്ട്. ചിലരുടെ താമസ കാലാവധി സംബന്ധിച്ച രേഖകളുടെയും പാസ്‌പോര്‍ട്ടിന്റെയും കാലാവധി അവസാനിച്ചതായും വാട്‌സാപ് ഗ്രൂപ്പില്‍ ലഭിക്കുന്ന അംഗങ്ങളുടെ സന്ദേശങ്ങളില്‍ സൂചനയുണ്ട്. അവര്‍ ഇനി എന്തു ചെയ്യുമെന്ന കാര്യത്തിലും അവ്യക്തത തുടരുന്നു.

pathram:
Leave a Comment