എണ്ണം ഇനിയും കുറയ്ക്കണം; ഓഫീസില്‍ അത്യാവശ്യം ജീവനക്കാര്‍ മാത്രം മതി; നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയാനുള്ള എല്ലാ വിധ മാര്‍ഗങ്ങളും സ്വീകരിച്ചു വരികയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അത്യാവശ്യ ജോലികള്‍ ചെയ്യുന്നതിനു മാത്രമായി ജീവനക്കാരുടെ എണ്ണം ചുരുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. മാര്‍ച്ച് 23മുതല്‍ 31 വരെയാണ് ഈ ക്രമീകരണം. ഇതു സംബന്ധിച്ച് പേഴ്‌സണല്‍ മന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

എല്ലാ വിഭാഗത്തിലെയും അവശ്യ സേവനങ്ങള്‍ക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പട്ടിക തയ്യാറാക്കാനും ഇവരെ മാത്രം ഈ കാലയളവില്‍ ജോലിക്ക് നിയോഗിക്കാനും ഉത്തരവില്‍ പറയുന്നു. എന്നാല്‍ അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമല്ല.

ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെയും അവശ്യ മേഖലയില്‍ മാത്രമാക്കി ചുരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുന്ന ജീവനക്കാര്‍ ഏതുസമയത്തും ഫോണില്‍ ലഭ്യമാകണമെന്നും ആവശ്യമെങ്കില്‍ ഓഫീസിലെത്താന്‍ തയ്യാറായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ വിവിധ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മഹാരാഷ്ട്രയില്‍ അര്‍ബന്‍ മേഖലകളില്‍ മാര്‍ച്ച് 23 മുതല്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ചു നില്‍ക്കുന്നതു സെക്ഷന്‍ 144 പ്രകാരം സര്‍ക്കാര്‍ നിരോധിച്ചു. അര്‍ബന്‍ മേഖലകളിലായിരിക്കും ഇതു നടപ്പാക്കുകയെന്നു ഉദ്ധവ് താക്കറെ പറഞ്ഞു.

സംസ്ഥാനത്തിനകത്ത് എല്ലാ സ്‌റ്റേറ്റ്– സ്വകാര്യ ബസ് സര്‍വീസുകളും നിര്‍ത്തിവച്ചു. അവശ്യസേവനങ്ങളായ പലചരക്ക് കടകള്‍, പച്ചക്കറികടകള്‍, ബാങ്കുകള്‍, മറ്റു പ്രധാന സാമ്പത്തിക സേവനങ്ങള്‍ എന്നിവയ്ക്കു പ്രവര്‍ത്തനാനുമതിയുണ്ടാകും. മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ഈ മാസം 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. സാധാരണ, പ്രതിദിനം 80 ലക്ഷത്തോളം േപരാണ് മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ സഞ്ചരിക്കുന്നത്.

ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളും ആള്‍ക്കൂട്ടങ്ങളുടെ ഒത്തുചേരലും പൂര്‍ണമായി നിരോധിച്ചു. ഡല്‍ഹി മെട്രോ സര്‍വീസുകളെല്ലാം മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് ഡിഎംആര്‍സി അറിയിച്ചു. നോയിഡ–ഗ്രേറ്റര്‍ നോയിഡ മെട്രോ സര്‍വീസുകളെല്ലാം മാര്‍ച്ച് 31 വരെ റദ്ദാക്കി.

pathram:
Leave a Comment