41 കാരിയായ കനിക കപൂറിന്റെ പ്രായം മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ 28, പുരുഷനെന്നും ; ചോദ്യം ചെയ്ത് കുടുംബാംഗങ്ങള്‍

ലഖ്‌നൗ: കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കുടുംബാംഗങ്ങള്‍. കനികയുടെ കൊറോണ പരിശോധനാ ഫലം പോസിറ്റീവാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ തെറ്റുകള്‍ കടന്നു കൂടിയത് ചോദ്യം ചെയ്താണ് കുടുംബാംഗങ്ങള്‍ രംഗത്ത് എത്തിയത്.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ 41കാരിയായ കനികയുടെ പ്രായം 28 എന്നും പുരുഷനെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. കനികയുടെ റിപ്പോര്‍ട്ട് മാത്രം എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്നും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതെന്നും അറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കൊറോണ രോഗബാധിതനെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്തുവിടാറില്ല. എന്നാല്‍ കനികയുടെ കാര്യത്തില്‍ ഇക്കാര്യം പിന്തുടര്‍ന്നില്ല. പൊതുജനങ്ങള്‍ ഞങ്ങളെ ട്രോളുകയും വേട്ടയാടുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ഉത്തരവാദിത്വമുണ്ടെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കുടുംബാംഗം കുററപ്പെടുത്തി.

കനികയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി പുറപ്പെടുവിച്ച പ്രസ്താവനയെയും കുടുബാംഗം ചോദ്യം ചെയ്തു. ഒരു ആശുപത്രിയും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പുറത്തുവിടുന്നില്ലെന്നും ഇത് തങ്ങളെ കരുതിക്കൂട്ടി മോശക്കാരായി ചിത്രീകരിക്കാന്‍ വേണ്ടിയുള്ളതാണെന്നും അവര്‍ ആരോപിച്ചു.

pathram:
Related Post
Leave a Comment