താരത്തിന്റെ ഗര്‍വ്വ് ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട… ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ… എന്ന് അധികൃര്‍

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കനികയുടെ ആരോപണം. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു മാധ്യമത്തോട് പറഞ്ഞു. സംഭവം വലിയ ചര്‍ച്ചയായതോടെ കനികയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രാജീവ് ഗാന്ധി പി.ജി.ഐ.എം.എസ് അധികൃതര്‍.

കനിക കപൂര്‍ ഒരു രോഗിയെപ്പോലെ പെരുമാറാനും സഹകരിക്കാനും പഠിക്കണമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ അഭിപ്രായപ്പെട്ടു.

‘ഒരു താരത്തിന്റെ ദുശ്ശാഠ്യവും ഗര്‍വ്വും ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട. ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ. ഒരു രോഗിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവിടെ ചെയ്തുകൊടുത്തിട്ടുണ്ട്. ശുചിമുറിയുള്ള മുറിയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ടിവിയും എസിയുമുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു. അവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണം’, ആര്‍.കെ ധിമാന്‍ പറഞ്ഞു.

കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലഖ്‌നൗ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നും മുംബൈയിലെത്തി പിന്നീട് ലക്‌നൗവില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കനികയുടെ അച്ഛന്റെ മൊഴി പ്രകാരം അവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛന്‍ പോലീസിനോടു പറഞ്ഞത്. തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും തുടര്‍ന്ന് പോലീസ് കണ്ടെത്തി.

ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരം കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യാം.

അതേസമയം മെഡിക്കല്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് ചോദ്യം ചെയ്ത് കനികയുടെ കുടുംബാംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. കനികയുടെ കൊറോണ പരിശോധനാ ഫലം പോസിറ്റീവാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ തെറ്റുകള്‍ കടന്നു കൂടിയത് ചോദ്യം ചെയ്താണ് കുടുംബാംഗള്‍ രംഗത്ത് എത്തിയത്.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ 41കാരിയായ കനികയുടെ പ്രായം 28 എന്നും പുരുഷനെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. കനികയുടെ റിപ്പോര്‍ട്ട് മാത്രം എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്നും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതെന്നും അറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കൊറോണ രോഗബാധിതനെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്തുവിടാറില്ല. എന്നാല്‍ കനികയുടെ കാര്യത്തില്‍ ഇക്കാര്യം പിന്തുടര്‍ന്നില്ല. പൊതുജനങ്ങള്‍ ഞങ്ങളെ ട്രോളുകയും വേട്ടയാടുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ഉത്തരവാദിത്വമുണ്ടെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കുടുംബാംഗം കുററപ്പെടുത്തി.

കനികയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി പുറപ്പെടുവിച്ച പ്രസ്താവനയെയും കുടുബാംഗം ചോദ്യം ചെയ്തു. ഒരു ആശുപത്രിയും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പുറത്തുവിടുന്നില്ലെന്നും ഇത് തങ്ങളെ കരുതിക്കൂട്ടി മോശക്കാരായി ചിത്രീകരിക്കാന്‍ വേണ്ടിയുള്ളതാണെന്നും അവര്‍ ആരോപിച്ചു.

pathram:
Related Post
Leave a Comment