ന്യൂഡല്‍ഹി: വനിതാ ബോക്‌സ് താരമായ ഒളിംപ്യന്‍ മേരി കോം, ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചതായി ആക്ഷേപം. ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഏഷ്യ–ഒഷ്യാനിയ ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത ശേഷം ഈ മാസം 13ന് നാട്ടില്‍ തിരിച്ചെത്തിയ മേരി കോം, ക്വാറന്റീനിലിരിക്കെ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തെന്നാണ് വിമര്‍ശനം. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയവര്‍ നിര്‍ബന്ധമായും 14 ദിവസത്തേക്ക് ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് രാജ്യസഭാ എംപി കൂടിയായ മേരി കോം രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
ഈ മാസം 16നാണ് 96 എംപിമാര്‍ക്കായി രാഷ്ട്രപതി ഭവനില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രപതി ഭവന്‍ പിന്നീട് ട്വീറ്റ് ചെയ്ത ചടങ്ങിലെ ചിത്രത്തില്‍ മേരി കോം മറ്റ് എംപിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്. ജോര്‍ദാനില്‍ ബോക്‌സിങ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത താരങ്ങളെല്ലാം 14 ദിവസത്തേക്ക് ക്വാറന്റീനില്‍ പ്രവേശിക്കുമെന്ന് പരിശീലകയായ സാന്തിയാഗോ നീവ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ പങ്കെടുത്ത കാര്യം സ്ഥിരീകരിച്ച് മേരി കോം പിന്നീട് പ്രസ്താവനയിറക്കി.
അതേസമയം, രാഷ്ട്രപതി ഭവനിലെ വിരുന്നില്‍ പങ്കെടുത്ത ബിജെപി എംപി ദുഷ്യന്ത് സിങ് സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുന്‍പ്, കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് താരം കനിക കപൂറുമൊത്ത് ലക്‌നൗവില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത സാഹചര്യത്തിലാണിത്. ആദ്യ പരിശോധനയില്‍ കനിക കപൂറിന്റെ ഫലം നെഗറ്റീവായിരുന്നെങ്കിലും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മേരി കോമിനും ദുഷ്യന്ത് സിങ്ങിനും പുറമെ നിരവധി എംപിമാര്‍ പ്രഭാത ഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍, ഹേമമാലിനി, കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജ തുടങ്ങിയവരാണ് പ്രഭാത ഭക്ഷണത്തിന് ഉണ്ടായിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇവരെല്ലാം ക്വാറന്റീനിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ട്. ദുഷ്യന്ത് സിങ്ങുമായി അടുത്തിടപഴകിയ സാഹചര്യത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെയും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം പങ്കെടുക്കേണ്ട പൊതുപരിപാടികളും റദ്ദാക്കും
Leave a Comment