കൊറോണ; വൈറ്റ് ഹൗസിലും എത്തി; ഉദ്യോഗസ്ഥനു രോഗം സ്ഥിരീകരിച്ചു, യുഎസില്‍ 230 പേര്‍ മരിച്ചു

വാഷിങ്ടന്‍: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. എന്നാല്‍ രോഗ ബാധിതനായ ആള്‍ പ്രസിഡന്റ് ട്രംപുമായോ, വൈസ് പ്രസിഡന്റുമായോ ഇടപഴകിയിട്ടില്ല.

യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊറോണ ഭീതി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാപനങ്ങളെയും ബാധിച്ചു. ഫ്‌ലോറിഡ പാം ബീച്ചിലെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാര്‍ എ ലഗോ ഗോള്‍ഫ് ക്ലബ് അടച്ചുപൂട്ടി. സ്‌റ്റേറ്റ് ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. ട്രംപിന്റെ റിസോര്‍ട്ടുകളില്‍ പല സേവനങ്ങളും നിര്‍ത്തിവച്ചതായാണു ട്രംപ് ഓര്‍ഗനൈസേഷന്‍ നല്‍കുന്ന വിവരം. ലാസ് വെഗാസിലെ ട്രംപിന്റെ ഹോട്ടല്‍ അടച്ചുപൂട്ടി. അതേസമയം ന്യൂയോര്‍ക്കിലും വാഷിങ്ടന്‍ ഡിസിയിലുമുള്ള ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ട്രംപ് ഇന്റര്‍നാഷനല്‍ ഹോട്ടലിലെ ബാറും റസ്റ്ററന്റും സര്‍വീസ് നിര്‍ത്തിവച്ചു.

അതേസമയം കൊറോണ മുന്നറിയിപ്പ് നേരത്തേ ലഭിച്ചിട്ടും യുഎസ് പ്രസിഡന്റ് ഇതു തള്ളുകയായിരുന്നെന്ന് യുഎസ് മാധ്യമങ്ങള്‍ ആരോപിച്ചു. ജനുവരിയുടെ തുടക്കത്തില്‍തന്നെ കൊറോണ ഭീഷണിയെക്കുറിച്ച് യുഎസിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ പ്രസിഡന്റിനു മുന്നറിയിപ്പു നല്‍കിയിരുന്നതായി വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ട്രംപ് ഇതു കാര്യമായി എടുത്തില്ലെന്നാണ് ആരോപണം.

കൊറോണ പടരുന്ന സാഹചര്യത്തില്‍ യുഎസ് പൗരന്മാരില്‍ അഞ്ചില്‍ ഒരു വിഭാഗം മുഴുവന്‍ വീടുകളില്‍ തന്നെ കഴിയണമെന്നു ഭരണകൂടം. ന്യൂയോര്‍ക്ക്, കണക്ടികട്, ന്യൂ ജഴ്‌സി, ഇല്ലിനോയ്‌സ്, കലിഫോര്‍ണിയ എന്നിവിടങ്ങളിലെ ജനങ്ങള്‍ വീടുകള്‍ക്കു പുറത്തിറങ്ങേണ്ടതില്ലെന്നാണു നിര്‍ദേശം. ന്യൂയോര്‍ക്കില്‍ അത്യാവശ്യമല്ലാത്ത എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുഎസില്‍ കൊറോണ രോഗം ബാധിച്ച് 230 പേര്‍ മരിച്ച സാഹചര്യത്തിലാണു നടപടി. 18,500 പേരെ ഇതിനകം രോഗം ബാധിച്ചു. രാജ്യാന്തര തലത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 2,70,000 കടന്നു. വെള്ളിയാഴ്ചയാണ് കണക്ടികട്, ഇല്ലിനോയ്‌സ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ജനങ്ങള്‍ വീടുകള്‍ക്കു വെളിയില്‍ ഇറങ്ങരുതെന്നു നിര്‍ദേശം നല്‍കിയത്. പലചരക്കു കട, ഫാര്‍മസി, ഗ്യാസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കു പോകാന്‍ മാത്രമാണു ജനങ്ങള്‍ക്ക് അനുമതിയുള്ളത്. ന്യൂയോര്‍ക്കില്‍ പൊതു പരിപാടികളെല്ലാം നിയന്ത്രിക്കണമെന്നും അടിയന്തര പ്രാധാന്യമില്ലാത്ത ജോലി ചെയ്യുന്നവരെല്ലാം വീടുകളില്‍ തന്നെ തുടരണമെന്നും ഗവര്‍ണര്‍ അന്‍ഡ്രു കൂമോ അറിയിച്ചു. ന്യൂയോര്‍ക്കില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 7,000 പിന്നിട്ടതോടെയാണു നടപടി.

വെള്ളിയാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ കൊറോണയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുരന്തമായി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലും അയല്‍ പ്രദേശങ്ങളായ ന്യൂജഴ്‌സി, കണക്ടികട്, പെന്‍സില്‍വേനിയ എന്നിവിടങ്ങളിലും ഹെയര്‍, നെയില്‍ സലൂണുകള്‍, ടാറ്റൂ പാര്‍ലറുകള്‍ എന്നിവ അടച്ചുപൂട്ടണമെന്ന് വെള്ളിയാഴ്ച സംയുക്ത ഉത്തരവ് ഇറങ്ങിയിരുന്നു. ബാസ്‌കറ്റ് ബോള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങളും ഞായറാഴ്ച വൈകിട്ടു മുതല്‍ നിര്‍ത്തിവയ്ക്കും. അടുത്ത രണ്ടു മാസത്തില്‍ കലിഫോര്‍ണിയയിലെ 40 ദശലക്ഷത്തില്‍ പകുതിയിലധികം ജനങ്ങളും കൊറോണയുടെ പിടിയിലാകുമെന്ന് കലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം പ്രവചിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ലൊസാഞ്ചലസ് നഗരത്തിലെ പ്രധാനമായ പല സ്ഥലങ്ങളും ആളൊഴിഞ്ഞ അവസ്ഥയിലാണ്. നെവാദയിലും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവുണ്ട്. ഹവായിയില്‍ ബാറുകളും ക്ലബുകളും അടച്ചിടും. പത്തിലേറെ ആളുകള്‍ ഇവിടെ സംഘം ചേരുന്നതിനും നിയന്ത്രണമുണ്ട്. അതേസമയം യുഎസ് ആകെ അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. വൈറസിനെതിരായ യുദ്ധത്തില്‍ യുഎസ് വിജയിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മെക്‌സിക്കോ, കാന!ഡ അതിര്‍ത്തി യുഎസ് അടച്ചിട്ടു. മെക്‌സിക്കോ അതിര്‍ത്തി അടച്ചതു കുറഞ്ഞത് 30 ദിവസമെങ്കിലും തുടരേണ്ടിവരും. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഇതു നിലവില്‍ വരുമെങ്കിലും വ്യാപാരത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രതികരിച്ചു. വിദേശരാജ്യങ്ങളിലുള്ള യുഎസ് പൗരന്മാര്‍ അടിയന്തരമായി തിരികെയെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

pathram:
Related Post
Leave a Comment