കൊറോണ: രാജ്യം നാളെ നിശ്ചലമാകും

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനകീയ കര്‍ഫ്യൂ നാളെ നടക്കുമ്പോള്‍ രാജ്യം നിശ്ചലമാകും. ജനതാ കര്‍ഫ്യൂവിന് എല്ലാ കോണില്‍നിന്നും പിന്തുണയുണ്ടായിട്ടുണ്ട്. കേരളവും ജനതാ കര്‍ഫ്യൂവില്‍ പങ്ക് ചേരും. കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും ഓടില്ല. കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടും.

ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി, വ്യാപാര ലൈസന്‍സ് പുതുക്കല്‍ ,വിനോദ നികുതി എന്നിവ അടയ്ക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടി. റവന്യൂ റിക്കവറിയും ആ തിയതിയിലേക്ക് നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ എറണാകുളം ജില്ലയിലും ആറ് പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളുമാണ്.

ലോകത്തെ കൊവിഡ് 19 മരണം 11,383 ആയി. ഇറ്റലിയിലാണ് ഇന്നലെയും ഏറ്റവുമധികം മരണം. 627 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 4,032 ആയി. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരത്തി ഒരുനൂറ്റി എണ്‍പത്തിനാലാണ്. ഇറ്റലിക്ക് പുറമെ ജര്‍മനിയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു.

യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ ഇതാദ്യമായാണ് കൊറോണ വൈറസ് മൂലം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നടപടികള്‍ ശക്തമാക്കാന്‍ യുഎഇ തീരുമാനിച്ചു.

രണ്ട് കേസുകളില്‍ ഒന്ന് 78 കാരനായ അറബ് പൗരനാണ്. യൂറോപ്പില്‍ നിന്നും എത്തിയ ഇയാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അനുഭവപ്പെട്ട ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വൈറസ് ബാധ കാരണം മരിച്ച മറ്റൊരാള്‍ 59 വയസുള്ള ഏഷ്യന്‍ പൗരനാണ്. ചികിത്സയില്‍ ഉണ്ടായിരുന്ന ഈ വ്യക്തിക്ക് ഹൃദയ സംബന്ധമായ അസുഖവും തുടര്‍ന്ന് കിഡ്‌നി തകരാറുകളും സംഭവിക്കുക ആയിരുന്നു എന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ആയ വാം റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ ഇതുവരെ 140 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 31 പേര് സുഖം പ്രാപിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

pathram:
Leave a Comment