രാജ്യം കാത്തിരുന്ന നീതി ഒടുവില്‍ നടപ്പായി; നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റി, നീതി ലഭിച്ചതായി നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു

ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന നീതി ഒടുവില്‍ നടപ്പായി. രാജ്യത്തിന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായ നിര്‍ഭയ കേസിലെ നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഇന്നു പുലര്‍ച്ചെ 5.30ന് ഒരുമിച്ചു തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. ആറു മണിയോടെ മൃതദേഹങ്ങള്‍ തൂക്കുമരത്തില്‍നിന്നു നീക്കി.

കുറ്റം നടന്ന് ഏഴു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞാണു ശിക്ഷ നടപ്പാക്കിയത്. നീതി ലഭിച്ചതായി നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

ശിക്ഷ നടപ്പായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ആള്‍ക്കൂട്ടം ജയിലിനു പുറത്ത് മധുരം വിതരണം ചെയ്തു. ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാന്‍ ദയാഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും തിരുത്തല്‍ ഹര്‍ജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികള്‍ നോക്കി. എന്നാല്‍ നീതിപീഠങ്ങളും രാഷ്ട്രപതിയും അവയെല്ലാം തള്ളി. ഏറ്റവുമൊടുവില്‍ രാജ്യാന്തര നീതിന്യായ കോടതിയെ പോലും പ്രതികള്‍ സമീപിച്ചു.

ശിക്ഷ നടപ്പിലാക്കുന്നതു തടയാന്‍ അര്‍ധരാത്രിയില്‍ സുപ്രീംകോടതിയെ പ്രതികളുടെ അഭിഭാഷകര്‍ വീണ്ടും സമീപിച്ചെങ്കിലും ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി. നാലുമണിയോടെ പ്രതികളെ ഉണര്‍ത്തി സുപ്രീം കോടതിയുടെ ഹര്‍ജി തള്ളിയ വിവരം അറിയിച്ചു. കുടുംബാംഗങ്ങളെ ഒരിക്കല്‍കൂടി കാണണമെന്ന പ്രതികളുടെ ആവശ്യം തിഹാര്‍ അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യ പരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ 5.30ന് നാലുപേരെയും ഒരുമിച്ചു തൂക്കിലേറ്റുകയായിരുന്നു.

കൃത്യം അഞ്ചരയ്ക്കു തന്നെ നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റിയതായി തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ അറിയിച്ചു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ജനം കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവഗണിച്ച് നൂറുകണക്കിനു പേരാണ് ജയിലിനു പുറത്തു കൂട്ടംകൂടിയത്. 2012 ല്‍ നിര്‍ഭയയ്ക്കു നീതി തേടി നടന്ന സമരത്തില്‍ പങ്കെടുത്തവരായിരുന്നു ഇതില്‍ ഏറെയും. 5.30 ആയതോടെ ആഹ്‌ളാദാരവങ്ങളോടെ ഇവര്‍ ആര്‍പ്പുവിളി മുഴക്കി.

2012 ല്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് റോഡിലെറിഞ്ഞ സംഭവത്തില്‍ ആറു പ്രതികളാണ് പിടിയിലായിരുന്നത്. ചികില്‍സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. പ്രതികളില്‍ ഒരാളായ രാംസിങ് ജയില്‍വാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതിക്ക് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ മൂന്നു വര്‍ഷത്തെ തടവിനു ശേഷം ജയില്‍മോചിതനായി. മറ്റു നാലു പ്രതികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്. 2012 ഡിസംബര്‍ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയില്‍ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി അതുവഴി വന്ന ബസില്‍ കയറി.

െ്രെഡവര്‍ ഉള്‍പ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ സംഘം പെണ്‍!കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ക്രൂരബലാല്‍സംഗത്തിനും പീഡനത്തിനും ശേഷം അവളെയും സുഹൃത്തിനെയും റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതിയ പെണ്‍കുട്ടി ഡിസംബര്‍ 29 ന് ലോകത്തോടു വിട പറഞ്ഞു. സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമുയര്‍ന്നു. പിടിയിലായ പ്രതികള്‍ക്കു വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. പ്രതീക്ഷിച്ചതുപോലെ അവര്‍ക്കു വധശിക്ഷതന്നെ വിധിച്ചു.

ഇത്തരത്തില്‍ നാലുപേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് രാജ്യത്ത് അപൂര്‍വ സംഭവമാണ്. ജോഷി–അഭയങ്കാര്‍ കൊലക്കേസുകളില്‍, 1983 ഒക്ടോബര്‍ 25ന് പുണെ യര്‍വാഡ ജയിലില്‍ കൊടുംകുറ്റവാളിസംഘത്തിലെ നാലു പേരെ തൂക്കിലേറ്റിയിരുന്നു. സംസ്‌കൃതപണ്ഡിതന്‍ കാശിനാഥ് ശാസ്ത്രി അഭയങ്കറും കുടുംബവും വിജയനഗറിലെ ജോഷിയും കുടുംബവും ഉള്‍പ്പടെ 1976–77 കാലഘട്ടത്തില്‍ പുണെ നഗരത്തില്‍ ഉണ്ടായ 10 കൊലപാതകങ്ങളുടെ പേരില്‍ സംഘത്തലവന്‍ രാജേന്ദ്ര യെല്ലപ്പ ജക്കല്‍, ദിലീപ് സുതാര്‍ , ശാന്താറാം ജഗ്താപ്, മുനാവര്‍ ഹരുണ്‍ഷാ എന്നിവരെയാണ് അന്നു തൂക്കിലേറ്റിയത്

pathram:
Related Post
Leave a Comment