പരിചയസമ്പത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നതല്ല; ഐപിഎല്ലിലെ പ്രകടനം തിരിച്ചുവരവിനുള്ള അളവുകോല്‍ അല്ല, ധോണിയെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെങ്കില്‍ തിരിച്ചെത്തും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പ് കൊറോണോ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അനിശ്ചിതമായി നീളുന്നതിനിടെ, ഐപിഎല്‍ നടന്നില്ലെങ്കിലും അത് മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിയുടെ തിരിച്ചുവരവിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ഐപിഎല്ലിലെ ധോണിയുടെ പ്രകടനം ലോകകപ്പ് ടീമിലേക്കു തിരിച്ചുവരവില്‍ നിര്‍ണായകമാകുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ സൂചന നല്‍കിയിരുന്നു.

ഇതോടെയാണ് ഐപിഎല്‍ റദ്ദാക്കുന്നത് ധോണിയുടെ മടങ്ങിവരവിനെ ബാധിക്കുമെന്ന നിഗമനങ്ങളെ ചോപ്ര തള്ളിക്കളഞ്ഞത്. പരിചയസമ്പത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നതല്ലെന്നും ചോപ്ര ഓര്‍മിപ്പിച്ചു. ഈ മാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ സീസണ്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15ലേക്കു നീട്ടിവച്ചിരുന്നു. വൈറസ് ഇപ്പോഴും വ്യാപിക്കുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് തന്നെ സംശയത്തിലായതോടെയാണ് ധോണിയുടെ മടങ്ങിവരവും ചോദ്യചിഹ്നമായത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി വിക്കറ്റ് കാത്ത ധോണി, സെമി ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോടു തോറ്റു പുറത്തായശേഷം പിന്നീടിതുവരെ കളത്തിലിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഐപിഎല്ലിലൂടെ ധോണിയുടെ തിരിച്ചുവരവ് വലിയ ചര്‍ച്ചയായത്.

‘ധോണിയേപ്പോലൊരു താരത്തെ സംബന്ധിച്ചിടത്തോളം ഐപിഎല്ലിലെ പ്രകടനം തിരിച്ചുവരവിനുള്ള അളവുകോലാകുമെന്ന് കരുതാന്‍ വയ്യ. ഐപിഎല്ലില്‍ ധോണി റണ്‍സടിച്ചുകൂട്ടിയിരുന്നെങ്കില്‍, ‘ധോണിയെ തിരിച്ചുവിളി’ക്കാനുള്ള ആഹ്വാനങ്ങള്‍ ശക്തിപ്പെടുമായിരുന്നു. ഇപ്പോള്‍ താന്‍ എന്താണ് ചെയ്യുന്നതെന്നൊക്കെ ധോണിക്ക് വ്യക്തമായ ബോധ്യമുണ്ട്. ദേശീയ ടീമിലേക്കു തിരിച്ചുവരണോ എന്ന കാര്യത്തിലും അദ്ദേഹത്തിന് വ്യക്തമായ തീരുമാനമുണ്ടാകും’ – ചോപ്ര പറഞ്ഞു.

‘സത്യത്തില്‍ ധോണിയെ സംബന്ധിച്ച് ഐപിഎല്‍ ഒരു പ്രധാനപ്പെട്ട ഘടമേയല്ല. ദേശീയ ടീമിലേക്കു തിരിച്ചെത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ധോണി തീര്‍ച്ചയായും അതിനു തയാറാകും. ധോണി ടീമില്‍ വേണമെന്ന് സിലക്ടര്‍മാര്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹം തിരിച്ചെത്തും. കാരണം പരിചയസമ്പത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടില്ലല്ലോ’ – ചോപ്ര ചൂണ്ടിക്കാട്ടി.

‘ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് ധോണി. അദ്ദേഹത്തെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെങ്കില്‍ ഐപിഎല്ലൊന്നും കൂടാതെ തന്നെ അദ്ദേഹം തിരിച്ചെത്തും’ – ചോപ്ര പറഞ്ഞു.

ഐപിഎല്‍ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന ക്യാംപില്‍ ധോണി എത്തിയിരുന്നു. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്നുവന്ന ക്യാംപ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുന്നതുവരെ ധോണി പരിശീലനത്തില്‍ സജീവമായിരുന്നു. ക്യാംപ് നിര്‍ത്തലാക്കിയതോടെ അദ്ദേഹം സ്വദേശമായ റാഞ്ചിയിലേക്ക് മടങ്ങി.

pathram:
Leave a Comment