സെൻസസ്: 31 ചോദ്യങ്ങൾ ആണ് ഉണ്ടാകുക; രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യം; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

സെൻസസ് പ്രവർത്തനങ്ങൾ നടക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്റ്റേ ചെയ്ത സാഹചര്യത്തിൽ സെൻസസുമായി സഹകരിക്കാൻ യോഗത്തിൽ ധാരണയായി.
സെൻസസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ നിന്നാണ് (എൻ.പി.ആർ) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എൻ.ആർ.സി) പോകുന്നത്.

എന്നാൽ എൻ.പി.ആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തുകൊണ്ട് 2019 ഡിസംബറിൽ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല, ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും എൻ.പി.ആർ അംഗീകരിക്കില്ല.  
സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ ആസൂത്രണത്തിനും വളർച്ചയ്ക്കും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സെൻസസ് നടത്തേണ്ടതുണ്ട്. രണ്ടുഘട്ടമായാണ് സെൻസസ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലുമാണ് മെയ് 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തേണ്ടത്. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി 9 മുതൽ 28 വരെയാണ്. സെൻസസ് സംബന്ധിച്ച ചോദ്യാവലിയിൽ 31 ചോദ്യങ്ങളാണുള്ളത്.

2011-ലെ ചോദ്യങ്ങളുമായി ഇതിനു കാര്യമായ വ്യത്യാസമില്ല. കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 31 ചോദ്യങ്ങൾ മാത്രമേ ചോദിക്കുകയുള്ളൂ.
രാജ്യത്ത് ഇന്ന് നിലവിലുള്ള സാഹചര്യത്തിൽ സെൻസസിനെ കുറിച്ച് ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്. ഈ ആശങ്കകൾ അകറ്റാനുള്ള തീരുമാനമാണ് സംസ്ഥാന സർക്കാർ എടുത്തിട്ടുള്ളത്. അതുകൊണ്ട് സെൻസസുമായി എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആനത്തലവട്ടം ആനന്ദൻ (സിപിഐഎം), കാനം രാജേന്ദ്രൻ (സി.പി.ഐ), തമ്പാനൂർ രവി (കോൺഗ്രസ്), ജോർജ്ജ് കുര്യൻ (ബിജെപി), ഡോ. എം.കെ. മുനീർ (മുസ്ലീം ലീഗ്), പി.ജെ. ജോസഫ് (കേരള കോൺഗ്രസ്), സി.കെ. നാണു, മാത്യു ടി തോമസ് (ജനതാ ദൾ), എ.എ. അസീസ് (ആർ.എസ്.പി), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജെ), പി.സി. ജോർജ്ജ്, കെ.ബി. ഗണേഷ് കുമാർ (കേരള കോൺഗ്രസ് ബി), സുരേന്ദ്രൻ പിള്ള, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.

pathram desk 2:
Related Post
Leave a Comment