ഇറ്റലിക്കാരന്‍ വന്നത് ഡല്‍ഹി വഴി. തിരുവനന്തപുരത്തെത്തിയ ഇയാള്‍ സഞ്ചരിച്ച വഴി കണ്ടെത്തല്‍ ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നു, വര്‍ക്കല ബീച്ചിലെ റിസോര്‍ട്ട് അടച്ചു പൂട്ടി

വര്‍ക്കല: തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആരോടൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തുക ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നു. കഴിഞ്ഞ മാസം 27ന് ഡല്‍ഹി വഴിയാണ് ഇറ്റലിക്കാരന്‍ വര്‍ക്കലയില്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഇയാള്‍ പിന്നീട് സഞ്ചരിച്ച വഴികളെല്ലാം മനസിലാക്കുക ഏറെ ബുദ്ധിമുട്ടാവുകയാണ്.

അതേസമയം, ഇയാള്‍ താമസിച്ചിരുന്ന വര്‍ക്കല ബീച്ചിലെ റിസോര്‍ട്ട് താല്‍ക്കാലികമായി അടച്ചു പൂട്ടി. റിസോര്‍ട്ടിലെ 9 ജീവനക്കാര്‍ നീരീക്ഷണത്തിലാണ്. പാരിപ്പള്ളി ഗവ.ആശുപത്രിയില്‍ 10–ാം തീയതി നടത്തിയ പരിശോധനയിലാണ് ഇറ്റലി സ്വദേശിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇറ്റാലിയന്‍ സ്വദേശി പോയ സ്ഥലങ്ങളും ഇടപഴകിയ ആളുകളെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. ആരോഗ്യവകുപ്പും സ്‌പെഷല്‍ ബ്രാഞ്ചും സംയുക്തമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വര്‍ക്കലയിലും പരിസര പ്രദേശങ്ങളിലുമായി വിവിധയിടങ്ങളില്‍ ഇയാള്‍ സഞ്ചരിച്ചതായാണ് പ്രാഥമിക നിഗമനം. റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. വര്‍ക്കല മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് റിസോര്‍ട്ടുകളില്‍ പരിശോധന നടത്തി വിദേശികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. എഡിഎമ്മിന്റെയും ആരോഗ്യവകുപ്പിന്റെയും സ്‌ക്വാഡുകളും റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഹോം സ്‌റ്റേകളിലും പരിശോധന നടത്തും.

ഇറ്റാലിയന്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ വര്‍ക്കല ബീച്ചില്‍ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞു. വിദേശത്തുനിന്നെത്തിയ സഞ്ചാരികളില്‍ അധികംപേരും മുറികളില്‍ കഴിയുകയാണ്. കോവളം ബീച്ചിലും പരിസര പ്രദേശങ്ങളിലും അധികൃതര്‍ പരിശോധന നടത്തി വിനോദ സഞ്ചാരികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment