കൊറോണ: വിലക്ക് നേരിട്ടിരുന്ന യുവതി മുങ്ങി, വിമാനത്തിലും ട്രെയിനിലും സഞ്ചരിച്ചു

ആഗ്ര: ഭര്‍ത്താവിന് കൊറോണ സ്ഥിരീകരിച്ചതിനാല്‍ വീട്ടില്‍ സമ്പര്‍ക്ക വിലക്ക് നേരിട്ടിരുന്ന യുവതി ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് മുങ്ങി. ഇറ്റലിയില്‍ മധുവിധു ആഘോഷിച്ച് തിരിച്ചെത്തിയ ഇവര്‍ മാര്‍ച്ച് 8നാണ് ബെംഗളൂരുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കും അവിടെ നിന്ന് ആഗ്രയിലേയ്ക്ക് ട്രെയിനിലും സഞ്ചരിച്ചത്.

ഇറ്റലിയില്‍ മധുവിധു ആഘോഷിച്ച് ഫെബ്രുവരി 27നാണ് ഇവര്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ബെംഗളൂരുവില്‍ എത്തിയ ദമ്പതികളില്‍ ഭര്‍ത്താവ് നേരത്തെ തന്നെ കൊറോണ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. തുടര്‍ന്നാണ് ഭാര്യയെ വീട്ടില്‍ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് മാര്‍ച്ച് ഏഴിന് ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് 12ന് നടത്തിയ പരിശോധനയില്‍ ഭാര്യക്കും രോഗം സ്ഥിരീകരിച്ചു.

വീട്ടില്‍ മറ്റ് എട്ട് അംഗങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന ഇവര്‍ ഒറ്റയ്ക്ക് താമസിക്കണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പോലീസിനെ വിളിക്കുകയും ചെയ്തപ്പോഴാണ് ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കാന്‍ തയ്യാറായത്.

ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ റെയില്‍വേയില്‍ എഞ്ചിനീയറായ യുവതിയുടെ അച്ഛന്‍ ഒരുതരത്തിലും സഹകരിക്കാന്‍ തയ്യാറായില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു. മകള്‍ ബെംഗളൂരുവിലാണെന്ന് പ്രവര്‍ത്തകരോട് കള്ളം പറഞ്ഞു. കളക്ടര്‍ ഇടപെട്ടശേഷമാണ് വീട് പരിശോധിക്കാന്‍ സാധിച്ചത്. ഇപ്പോള്‍ വീട്ടിലെ ഒന്‍പത് അംഗങ്ങളും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. യുവതിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

pathram:
Related Post
Leave a Comment