കൊറോണയില്‍ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും; നിയമസഭയില്‍ ഇന്ന് നടന്നത്…

സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്നതിനിടെ നിയമസഭയില്‍ പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. കേന്ദ്രം നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടും സര്‍ക്കാര്‍ വേണ്ട രീതിയില്‍ മുന്നൊരുക്കം നടത്തിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇറ്റലിയില്‍ നിന്നും വന്നവരെ നിരീക്ഷിക്കണമെന്ന കേന്ദ്ര നിര്‍ദേശം ഫെബ്രുവരി 24 ന് തന്നെ ഉണ്ടായിരുന്നു. അത് മാര്‍ച്ച് ഒന്നാം തീയതിയാണ് കിട്ടിയതെന്ന ആരോഗ്യമന്ത്രിയുടെ മറുപടി തെറ്റാണെന്നും പ്രതിപക്ഷം പറഞ്ഞു. രോഗികളെ നിരീക്ഷിക്കുന്നത് ശരിയായ രീതിയിലല്ല. രോഗിക്ക് ആംബുലന്‍സ് പോലും ലഭ്യമാക്കിയില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

എന്നാല്‍ പ്രതിപക്ഷത്തിന് വ്യക്തമായ മറുപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. ലോകത്ത് ഒരു രാജ്യത്തും കൊറോണയ്‌ക്കെതിരേ കുറ്റമറ്റ സംവിധാനം ഇല്ലെന്ന് പ്രതിപക്ഷം മനസ്സിലാക്കണമെന്നും ചെറിയ പിശക് പോലും പറഞ്ഞ് ആക്രമിച്ചാല്‍ രോഗം തടയാനാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ആണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്. കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചാണ് ആരോഗ്യ വിഭാഗം പ്രവര്‍ത്തിക്കുന്നത് എന്നും വിമാനത്താവളത്തിലെ പരിശോധനയ്ക്ക് പരിമിതിയുണ്ടെന്നും പറഞ്ഞു.

കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇറ്റലിയില്‍ നിന്നും വന്ന കുടുംബവം മനപ്പൂര്‍വ്വം വിവരം മറച്ചു വെച്ചു. ഇറ്റലിയില്‍ നിന്നും വരുന്നവര്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്ന മാര്‍ഗ്ഗനിര്‍ദേശം കിട്ടിയത് തന്നെ മാര്‍ച്ച് 4 നായിരുന്നെന്നും പറഞ്ഞു. റൂട്ട് മാപ്പില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തും. അത് വലിയ ആക്ഷേപം ആക്കരുതെന്നും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വേണം പ്രതികരിക്കാനെന്നും ചെറിയ പിശക് പോലും പറഞ്ഞ് ആക്ഷേപിച്ചാല്‍ രോഗം നിയന്ത്രിക്കാനാകില്ലെന്നും പറഞ്ഞു.

അതേസമയം രോഗികളെ നിരീക്ഷിക്കുന്നത് ശരിയായ രീതിയിലല്ല. രോഗിക്ക് ആംബുലന്‍സ് പോലും ലഭ്യമാക്കിയില്ല. രോഗബാധ സംശയിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിക്ക് ആംബുലന്‍സ് പോലും കിട്ടിയില്ല. പോയത് ഓട്ടോയില്‍ ആയിരുന്നെന്നും പ്രതിപക്ഷം പറഞ്ഞു.

സര്‍ക്കാരിന് സ്തുതിപാടാനല്ല പ്രതിപക്ഷം ഇരിക്കുന്നതെന്നും സഹകരിക്കേണ്ടിടത്ത് സഹകരിക്കുകയും പറയേണ്ടിടത്ത് പറയുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കലല്ല പ്രതിപക്ഷത്തിന്റെ ജോലിയെന്നും വിമര്‍ശിക്കുന്നു എന്ന് എത്ര ആക്ഷേപിച്ചാലും പറയേണ്ട കാര്യങ്ങള്‍ പറഞ്ഞു തന്നെ മുമ്പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റിലിയില്‍ നിന്നും വന്നവരെ പ്രത്യേകം പരിശോധിക്കണമെന്ന് ഫെബ്രുവരി 26 ന് ഇറങ്ങിയ ഉത്തരവുണ്ട്. ഇറ്റലിയില്‍ നിന്നും വന്നവരെ കണ്ടെത്താന്‍ കഴിയാതെ പോയത് കൊണ്ടു മാത്രമാണ് രണ്ടാംഘട്ടത്തില്‍ കോവിഡ് വ്യാപിക്കാന്‍ കാരണമാണ്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ക്കശമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നെടുമ്പാശ്ശേരിയില്‍ മാത്രമല്ല തിരുവനന്തപുരം വിമാനത്താവളത്തിലും പരിശോധന കര്‍ശനമല്ലെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്.

മഹാമാരിയുടെ ഭീതിയില്‍ കഴിയുമ്പോള്‍ ജനങ്ങളില്‍ അനാവശ്യ ഭീതി ഉളവാക്കുന്നതിന് പകരം രോഗവ്യാപനം തടയാനുള്ള ജാഗ്രതയാണ് വേണ്ടത്. പ്രതിപക്ഷം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് വിമര്‍ശിക്കുന്നതിനല്ല. നാളെ ആവര്‍ത്തിക്കാതെ ഇരിക്കുന്നതിനാണ്. രോഗത്തെ തടയാന്‍ ജനങ്ങളില്‍ ഭീതി ഉണ്ടാക്കുന്നതിന് പകരം ആത്മവിശ്വാസം പുലരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്. പതിറ്റാണ്ടുകളായി ആരോഗ്യ മേഖല ശ്രദ്ധിക്കുന്നവരാണ് മലയാളികളെന്നും രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു.

തപസ്സ് ചെയ്യുന്നവര്‍ എല്ലാം ഇന്ദ്രപഥം കൈക്കലാക്കാന്‍ ആണെന്ന് ചൊല്ലുണ്ട് അതു പോലെയാണ് ചിലരുടെ വിചാരം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കും മറുപടി നല്‍കി. പുരാണത്തില്‍ ദേവേന്ദ്രന്‍ മാത്രമല്ല ഹിരണ്യകശിപു കൂടി ഉണ്ടെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

pathram:
Leave a Comment