ഇറ്റലിയില്‍ നിന്ന് രോഗം ഇല്ലാത്തവരെ ഉടന്‍ നാട്ടിലെത്തിക്കും.. രോഗം ഉള്ളവര്‍ക്കായി മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ഡല്‍ഹി: ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇറ്റലിയിലുള്ളവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

ഇറ്റലിയിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ച് യാത്രചെയ്താല്‍ രോഗമില്ലാത്തവര്‍ക്കു കൂടി പകരും. രോഗം ഇല്ലാത്തവരെ കൊണ്ടുവരികയും ഉള്ളവരെ അവിടെ തന്നെ ചികിത്സിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍നിന്ന് മെഡിക്കല്‍ സംഘം ഇറ്റയിലേയ്ക്ക് പോകും. തുടര്‍ന്ന് പരിശോധനകള്‍ക്കു ശേഷം രോഗമില്ലാത്തവരെ തിരികെയെത്തിക്കാനാണ് ആലോചിക്കുന്നത്.

ഇറാനില്‍നിന്ന് പ്രതിരോധ വകുപ്പിന്റെ വിമാനത്തില്‍ ഇറാനില്‍നിന്നുള്ള ആദ്യ സംഘത്തെ കൊണ്ടുവന്നിരുന്നു. ഇറാനില്‍ ബാക്കിയുള്ള ഇന്ത്യക്കാരുടെ സാമ്പിളുകളും കൊണ്ടുവന്നിട്ടുണ്ട്. ഈ സാമ്പിളുകള്‍ പരിശോധിച്ചതിനു ശേഷം തുടര്‍ നടപടികളുണ്ടാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വിദേശകാര്യ മന്ത്രി വ്യക്തമാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു എന്നതരത്തില്‍ കേരളത്തില്‍നിന്ന് സന്ദശമുണ്ടാകുന്നത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള നീക്കമായേ കാണാന്‍ കഴിയൂ. വിദേശത്തുനിന്ന് എത്തിയവരുടെ വിസാ കാലാവധി തീരുകയും അതിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവകയും ചെയ്താല്‍ അപ്പോള്‍ അക്കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.

pathram:
Leave a Comment