ഇന്ത്യയിലാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 42 ആയി

ന്യൂഡല്‍ഹി: ഇന്ത്യയിലാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 42 ആയി. കേരളത്തിലുള്‍പ്പെടെ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നത്. തിങ്കളാഴ്ച കേരളത്തില്‍ മൂന്നു വയസ്സുള്ള കുട്ടിക്കും, ജമ്മുവില്‍ 63 വയസ്സുള്ള സ്ത്രീക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മു കശ്മീരിലെ ആദ്യത്തെ കൊറോണ കേസാണിത്. രണ്ടു പേര്‍ക്കൊപ്പം ഇറാന്‍ യാത്ര കഴിഞ്ഞ തിരിച്ചെത്തിയ ശേഷമാണ് സ്ത്രീക്ക് കൊറോണ വൈറസ് ബാധിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് രക്ഷിതാക്കള്‍ക്കൊപ്പം കുട്ടി കേരളത്തിലെത്തിയത്. പിന്നാലെ വിമാനത്താവളത്തില്‍വച്ചുതന്നെ പരിശോധനകള്‍ക്കും വിധേയമായിരുന്നു. എന്നാല്‍ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ പിന്നീടു നടത്തിയ പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്തുകയായിരുന്നു. 100 രാജ്യങ്ങളിലായി ഒരു ലക്ഷത്തിനു മുകളില്‍ ആള്‍ക്കാരെയാണ് വൈറസ് ഇതിനകം ബാധിച്ചത്. മരിച്ചത് മൂവായിരത്തിലേറെ ജനങ്ങള്‍. ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും ഓരോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും കൊറോണ സ്ഥിരീകരിച്ചതോടെ ബെംഗളൂരുവില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകളെല്ലാം റദ്ദാക്കി. തമിഴ്‌നാട്ടില്‍ 45 വയസ്സുകാരനാണ് ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ചെന്നൈയില്‍നിന്നുള്ള റിപ്പോര്‍ട്ട് വ്യക്തമല്ലാത്തതിനാല്‍ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ച ശേഷമാണ് ഇയാള്‍ക്ക് കൊറോണ കണ്ടെത്തിയത്.

pathram:
Related Post
Leave a Comment