തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലിചെയ്യാനുള്ള അനുമതിക്ക് മാനദണ്ഡങ്ങളായി. അഞ്ചുവിദ്യാര്‍ഥികളില്‍ക്കൂടുതല്‍ ആറുമാസത്തേക്കു ജോലിനല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ അനുവദിച്ചിട്ടുള്ള പണത്തിന്റെ 15 ശതമാനം വരെ വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലമായി നല്‍കാം.
‘സപ്പോര്‍ട്ടിങ് യൂത്ത് എംപ്ലോയബിലിറ്റി ഇന്‍ ദി സ്‌റ്റേറ്റ്’ എന്ന സര്‍ട്ടിഫിക്കറ്റാണു നല്‍കുക. സര്‍ക്കാര്‍വകുപ്പുകള്‍, സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, പൊതുസ്വകാര്യ സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയിലാണ് വിദ്യാര്‍ഥികള്‍ക്ക് ജോലിനല്‍കാവുന്നത്. വര്‍ഷം 90 ദിവസംവരെ ജോലിചെയ്യാം.
ജോലിചെയ്യാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളുടെ ഡേറ്റാബേസ് തയ്യാറാക്കും. മൊബൈല്‍ ആപ് വഴി ഈ ഡേറ്റാബേസ് ലഭ്യമാകും. 18 മുതല്‍ 25 വരെ വയസ്സുള്ളവര്‍ക്കാണ് പഠനത്തിനൊപ്പം ജോലിചെയ്യാന്‍ അവസരം ലഭിക്കുക.
ഇതിലൂടെ ഓഫീസുകളിലെ ജോലിക്കുടിശ്ശിക പരിധിവരെ കുറയ്ക്കാനാകും. കോളേജിലെ പഠനസമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നരവരെയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത അധ്യയനവര്‍ഷംമുതല്‍ ഇത് നടപ്പാകും. ഉച്ചകഴിഞ്ഞ് ക്ലാസില്ലാത്തത് ജോലിക്കുപോകാന്‍ സഹായകരമാകും.
അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയാകും ഇക്കാര്യത്തില്‍ ഉത്തരവിറക്കുക
Leave a Comment