എൻപിആർ നടപടികൾ ഉടൻ ആരംഭിക്കണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. സെൻസസും എൻപിആറും ഉടൻ വേണമെന്നാണ് നിർദേശം. ഇതു സംബന്ധിച്ച 14 പേജുള്ള കത്ത് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. സെൻസസിന്റെ ആദ്യ ഘട്ടം ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ്. എൻപിആർ ആദ്യ ഘട്ടത്തിനൊപ്പം വേണമെന്നാണ് നിർദേശം. സംസ്ഥാനങ്ങൾക്ക് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയാണ് കത്തയച്ചത്.

കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചാണ് കത്ത്. സെൻസസ് സംബന്ധിച്ചും എൻപിആർ സംബന്ധിച്ചുമുള്ള പൂർണ നടപടികളുടെ നിർദേശങ്ങൾ കത്തിലുണ്ട്. കത്ത് പ്രകാരം സെൻസസ് നടപടികൾക്കുള്ളത് രണ്ട് ഭാഗങ്ങളാണ്. വീടുകളുടെ ക്രമീകരണവും വിവര ശേഖരണവുമാണ് ആദ്യ ഘട്ടത്തിലുള്ളത്. ജനസംഖ്യ രേഖപ്പെടുത്തൽ 2021 ഫെബ്രുവരി 9 മുതൽ 28 വരെയുള്ള രണ്ടാം ഘട്ടത്തിലാണ്. എൻപിആർ നടപടികൾ ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കണം. ചോദ്യങ്ങളുടെ വ്യക്തത സംസ്ഥാനങ്ങളോട് രജിസ്ട്രാർ ജനറൽ കത്തിൽ പങ്കുവച്ചിട്ടുണ്ട്.

സെൻസസ് രേഖകളിൽ 34 ചോദ്യങ്ങളാണുള്ളത്. ജനസംഖ്യാ രജിസ്റ്ററിൽ 14 ചോദ്യങ്ങളിലാണ് ഉത്തരം ശേഖരിക്കുക. ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജന്മസ്ഥലം വ്യക്തമാക്കുന്ന ചോദ്യവുമുണ്ട്. ഇത് സംബന്ധിച്ചായിരുന്നു സംസ്ഥാനങ്ങൾ വിവാദമുണ്ടാക്കിയത്. മാതൃഭാഷ ഏതെന്ന ചോദ്യവും ഉൾപ്പെടുത്തി. ആധാർ വിവരങ്ങൾ എൻപിആറിൽ നിർബന്ധമാണ്. തടസവാദങ്ങൾ ഉന്നയിക്കുന്ന സംസ്ഥാനങ്ങളോട് അത്തരത്തിലുള്ള ചർകൾക്കിനി സ്ഥാനമില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഈ നടപടി.

pathram desk 2:
Related Post
Leave a Comment