ആനക്കൊമ്പ് കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന്റെ സമ്മതം; വനംവകുപ്പ് നിയമോപദേശം തേടി

കൊച്ചി: മോഹന്‍ലാല്‍ ഒന്നാം പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയ്‌ക്കെതിരേ വനം വകുപ്പ് നിയമോപദേശം തേടി. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കാട്ടി സര്‍ക്കാര്‍ എന്‍.ഒ.സി. നല്‍കിയിരുന്നു. എന്നാല്‍, ക്രിമിനല്‍ നടപടിച്ചട്ട പ്രകാരമുള്ള കേസുകള്‍ പിന്‍വലിക്കാനാണു കലക്ടര്‍ക്ക് അധികാരമുള്ളതെന്നാണു വനം വകുപ്പിന്റെ വാദം. ഇവിടെ, 1977ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിനാണു മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്.

രണ്ടു നിയമപ്രശ്‌നമാണു വനം വകുപ്പ് ഉയര്‍ത്തുന്നത്. ഈ കേസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോലീസ് കേസല്ല, വനനിയമപ്രകാരമുള്ള ഒക്യുറന്‍സ് റിപ്പോര്‍ട്ടാണ്. ഫോറസ്റ്റ് ഓഫീസറുടെ പരാതിയിന്മേലുള്ള കേസാണിത്. ഈ പരാതി കലക്ടര്‍ക്കു പിന്‍വലിക്കാന്‍ കഴിയില്ലെന്നാണു വനംവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിലാണു നിയമോപദേശം തേടിയത്. കേസ് പിന്‍വലിക്കുന്നതിനെ വനം വകുപ്പ് എതിര്‍ക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ നിലപാട് എതിര്‍പ്പില്ലെന്നാണ്.

അതേസമയം, കോടതിയുമായി കൂടിയാലോചിച്ചു കേസ് പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്കും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും കത്തു നല്‍കി. പ്രോസിക്യൂട്ടര്‍മാരുടെ മേല്‍നോട്ടചുമതല കലക്ടര്‍ക്കാണ്. കലക്ടറുടെ നിര്‍ദേശപ്രകാരം പ്രോസിക്യൂട്ടറാണു പിന്‍വലിക്കല്‍ അപേക്ഷ നല്‍കേണ്ടത്. ചില കാരണങ്ങള്‍ ബോധ്യപ്പെട്ടാല്‍ മജിസ്‌ട്രേറ്റിനു പ്രോസിക്യൂഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ് നല്‍കാം.

സിവില്‍ നടപടിക്രമം വകുപ്പ് 321 പ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു സര്‍ക്കാരിന്റെ അനുമതിയോടെ കേസില്‍നിന്നു പിന്മാറാന്‍ അവകാശമുണ്ട്. സിവില്‍ നിയമം ബാധകമല്ലെന്നാണു വനംവകുപ്പിന്റെ നിലപാട്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് €ാസ് മജിസ്‌ട്രേറ്റ് കോടതി ഈമാസം കേസ് പരിണഗിക്കുന്നുണ്ട്. സമന്‍സ് അയച്ചിട്ടും പ്രതികള്‍ ഇതുവരെ ഹാജരായിട്ടില്ല. അതിനിടെ, കേസ് പിന്‍വലിക്കുന്നതിനെതിരേ െഹെക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

നിയമം ലംഘിച്ച് ആനക്കൊമ്പ് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്‌തെന്നാണു കേസ്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷയും കുറഞ്ഞത് 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിരുന്നത്. ഒന്നാം പ്രതിയായ മോഹന്‍ലാല്‍ കേസ് പിന്‍വലിക്കാന്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 2012 ജൂണിലാണു മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നു ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

pathram:
Related Post
Leave a Comment