എജിആര് കുടിശിക നിര്‍ബന്ധമായും മൊബൈല്‍ കമ്പനികള്‍ നല്‍കണമെന്ന കോടതി ഉത്തരവ് വന്നതോടെ കോള്‍,ഡേറ്റ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യത. ഇന്‍റര്‍നെറ്റ് നിരക്കുകള്‍ എട്ടിരട്ടി വര്‍ധിപ്പിക്കാന്‍ വൊഡാഫോണ്‍ ഐഡിയ അനുമതി തേടി. മൊബൈല്‍ സേവനങ്ങള്‍ക്ക് തറവില ഏര്‍പ്പെടുത്തണമെന്ന ആവശ്യവും മൊബൈല്‍ കമ്പനികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
ഒരു ലക്ഷം കോടിയിലേറെ രൂപയുടെ എജിആര്‍ കുടിശിക മൊബൈല്‍ സേവനദാതാക്കള്‍ ഉപയോക്താക്കളില്‍ നിന്ന് തന്നെ പിരിച്ചെടുത്തേക്കുമെന്നാണ് സൂചനകള്‍. 57000 കോടിയുടെ കുടിശിക നല്‍കാനുളള വൊഡാഫോണ്‍ ഐഡിയ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഡേറ്റ നിരക്കുകള്‍ 8 ശതമാനം കൂട്ടണമെന്ന ആവശ്യമാണ് കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്. നിലവില്‍ ഒരു ജിബിയക്ക് 4 രൂപ മുതല്‍ 5 രൂപ വരെയാണ് നിരക്ക്. ഇത് 35 രൂപയാക്കി വര്‍ധിപ്പിക്കാനാണ് വൊഡാഫോണ്‍ ഐഡിയയുടെ നീക്കം. കോള്‍ നിരക്കുകള്‍ 6 പൈസയാക്കണമെന്നും മൊബൈല്‍ സേവനങ്ങളുടെ ഉപയോഗത്തിന് 50 രൂപ പ്രതിമാസം നിരക്ക് ചുമത്താന്‍ അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. തറവില ഈടാക്കാന്‍ അനുവദിക്കണമെന്ന് മറ്റ് മൊബൈല്‍ സേവനദാതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.മൂന്ന് മാസം മുമ്പാണ് കമ്പനികള്‍ നിരക്കുകള്‍ 50 ശതമാനം കൂട്ടിയത്.കമ്പനികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക ലൈസന്സ് ഫീ, സ്പെക്ട്രം ഉപയോഗ നിരക്ക് എന്നിവയായി സര്ക്കാരിലേക്ക് അടയ്ക്കുന്നതാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ അഥവാ എജിആര്. ഇത് നിര്ബന്ധമായും അടയ്ക്കണമെന്ന സുപ്രീംകോടതി വിധി വന്നതോടെയാണ് ടെലികോം കമ്പനികള് പ്രതിസന്ധിയിലായത്.
Leave a Comment