എന്റെ വിരമിക്കല്‍ ടെസ്റ്റ് ഹൃദ്യമാക്കിയത് താങ്കളാണ്… ഓജയ്ക്ക് ആശംസയുമായി സച്ചിന്‍

കഴിഞ്ഞദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയ്ക്ക് ആശംസകളുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്ത്. ഇന്ത്യയ്ക്കായി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറു ട്വന്റി20 മത്സരങ്ങളും കളിച്ച പ്രഗ്യാന്‍ ഓജ കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും നിന്നും വിരമിക്കുന്നതായാണ് താരം അറിയിച്ചിരിക്കുന്നത്. ബിസിസിഐയ്ക്കും ഹൈദരാബാദ്, ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും മുന്‍ താരങ്ങള്‍ക്കും നന്ദിയറിയിച്ച് സുദീര്‍ഘമായ കുറിപ്പും വിരമിക്കല്‍ പ്രഖ്യാപനത്തിനൊപ്പം ട്വിറ്ററിലൂടെ ഓജ പങ്കുവച്ചിരുന്നു.

പ്രഗ്യാന്‍ ഓജ, താങ്കളുടെ നല്ല മനസ്സും കഴിവുകളും എക്കാലവും മഹത്തരമായ കാഴ്ചയായിരുന്നു. 10 വിക്കറ്റ് നേട്ടത്തിലൂടെ എന്റെ വിരമിക്കല്‍ ടെസ്റ്റ് ഹൃദ്യമാക്കിയത് താങ്കളാണ്. പ്രിയ സുഹൃത്തിന് രണ്ടാം ഇന്നിങ്‌സ് ക്ലബ്ബിലേക്ക് സ്വാഗതം’ – സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഇന്ത്യ വിജയത്തോടെ യാത്രയയപ്പു നല്‍കിയ മുംബൈ വാംഖഡെയിലെ വിരമിക്കല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു പ്രഗ്യാന്‍ ഓജ. ഈ ടെസ്റ്റ് ഇന്നിങ്‌സിനും 126 റണ്‍സിനും ഇന്ത്യ ജയിച്ചുകയറുമ്പോള്‍, രണ്ട് ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം സഹിതം മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം കൈവരിച്ച ഓജയുടെ സംഭാവന നിസ്തുലമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 11.2 ഓവറില്‍ 40 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഓജയുടെ നേതൃത്വത്തിലാണ് ഇന്ത്യ വിന്‍ഡീസിനെ 182ന് പുറത്താക്കിയത്.

രണ്ടാം ഇന്നിങ്‌സില്‍ 18 ഓവറില്‍ 49 റണ്‍സ് വഴങ്ങിയും ഓജ അഞ്ചു വിക്കറ്റെടുത്തതോടെ വിന്‍ഡീസ് 187 റണ്‍സിന് പുറത്തായി. ഇന്ത്യ ഇന്നിങ്‌സിനും 126 റണ്‍സിനും ജയിക്കുകയും ചെയ്തു. കളിയിലെ കേമനായതും ഓജ തന്നെ. അന്ന് 27 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഓജയുടെയും അവസാന ടെസ്റ്റായി ഇത് എന്നത് യാദൃച്ഛികമായി. പിന്നീട് ഏതാനും ഏകദിന മത്സരങ്ങള്‍ കൂടി കളിച്ച് ഓജ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് കളമൊഴിഞ്ഞു.

ഇന്ത്യന്‍ ജഴ്‌സിയിലും പിന്നീട് മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയിലും ഒരുമിച്ചു പങ്കുവച്ച അവിസ്മരണീയ നിമിഷങ്ങള്‍ ഓര്‍മിച്ച് രോഹിത് ശര്‍മയും ഓജയ്ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ‘ഓജി, ഇന്ത്യയ്ക്കും മുംബൈ ഇന്ത്യന്‍സിനും വേണ്ടി കളിക്കുമ്പോള്‍ ഒരുപിടി രസകരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിച്ചത് അവിസ്മരണീയമായിരുന്നു. ക്രിക്കറ്റ് കളത്തിനും അപ്പുറത്താണ് നമ്മുടെ സൗഹൃദം. പുതിയ തലമുറയ്ക്ക് പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന മറുവശത്തും താങ്കളെ കാണുമെന്ന് പ്രതീക്ഷിക്കുന്നു’ – രോഹിത് കുറിച്ചു.

ഉജ്വലമായ ക്രിക്കറ്റ് കരിയറിന് അഭിനന്ദനങ്ങള്‍ ഓജ. താങ്കളുടെ ക്രിക്കറ്റ് യാത്രയില്‍ സഹയാത്രികനാകാന്‍ കഴിഞ്ഞത് സന്തോഷകരം തന്നെ. പ്രതിഭയുള്ളൊരു ചെറുപ്പക്കാരനില്‍നിന്ന് ലോകോത്തര ബോളറായുള്ള താങ്കളുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കാനായതും അവിസ്മരണീയം. രണ്ടാം ഇന്നിങ്‌സിലേക്ക് എല്ലാ ആശംസയും’ – വി.വി.എസ്. ലക്ഷ്മണ്‍ കുറിച്ചു

ജഡേജയാണ് തന്റെ ഹീറോ…ജഡേജയെപ്പോലെ കളിക്കാനുള്ള ആഗ്രഹം പങ്കുവച്ച് ഓസീസ് താരം

pathram:
Leave a Comment