തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ അണലിയുടെ കടിയേറ്റ വാവ സുരേഷ് സുഖം പ്രാപിക്കുന്നു. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാവ സുരേഷിനെ ഉടൻ പ്രത്യേക വാർഡിലേക്ക് മാറ്റും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. വാവ സുരേഷിനു സൗജന്യ ചികിത്സ നൽകാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍ദേശം നൽകി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണ് മന്ത്രി നിര്‍ദേശം നൽകിയത്. വാവ സുരേഷിനേയും ഡോക്ടര്‍മാരേയും ഫോണിൽ വിളിച്ച് മന്ത്രി കാര്യങ്ങളന്വേഷിച്ചു. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടന്‍ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നും മന്ത്രി സുരേഷിനെ ആശ്വസിപ്പിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് വിദഗ്ധ ചികില്‍സ നൽകുന്നത്. നിരവധി തവണ പാമ്പുകടിയേറ്റിട്ടുള്ള സുരേഷിന്റെ ശരീരം കഴിഞ്ഞ ദിവസങ്ങളില്‍ മരുന്നുകളോടു പ്രതികരിക്കാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.
വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ വലത് കയ്യില്‍ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കാണാന്‍ സാധിച്ചു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങള്‍ കണ്ടെത്തി. ഉടന്‍ തന്നെ വാവ സുരേഷിനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കി നിരന്തരം നിരീക്ഷിക്കുകയായിരുന്നു.
Pathram key words: Vava Suresh’s Health Condition. Health minister involved
Leave a Comment