സംഗീത നിശ; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി സംഗീത നിശ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് സെന്റര്‍ സംഘാടകര്‍ക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കത്തിന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ മറുപടി നല്‍കിയിരുന്നില്ല.

2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ കരുണ സംഗീത മേള സംഘടിപ്പിച്ചത്. എന്നാല്‍ ഇതിന്റെ പണം അടച്ചിരുന്നില്ല. തുടര്‍ന്ന് 2020ല്‍ ജനുവരി മൂന്നിന് സ്‌പോര്‍ട്‌സ് സെന്റര്‍ സംഗീത നിശയുടെ സംഘാടകര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ സംഘാടകര്‍ ഇതിന് മറുപടി നല്‍കിയില്ല.’മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അടയ്ക്കാന്‍ വേണ്ടി പരിപാടി സംഘടിപ്പിക്കുന്നു എന്ന് പറഞ്ഞ് നിങ്ങള്‍ സൗജന്യമായി വേദി ഉപയോഗിച്ചു. എന്നാല്‍ ആ പണം അടച്ചിട്ടുണ്ടോ അല്ലെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എന്താണ്?’ എന്നാണ് കത്തിലെ ഉള്ളടക്കം.

ഫെബ്രുവരി ആറിന് പണമടച്ചില്ല എന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ ഫെബ്രുവരി പതിനാലിന് സംഘാടകര്‍ പണമടച്ചു. ജില്ലാ കളക്ടറോട് പണം അടക്കുന്നതിന് മാര്‍ച്ച് 31 വരെ സാവകാശം ചോദിച്ചിരുന്നുവെന്നാണ് സംഘാടകര്‍ പിന്നീട് നല്‍കിയ വിശദീകരണം. എന്നാല്‍ ഇക്കാര്യം റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററോ അധികൃതരോ അറിഞ്ഞിരുന്നില്ല. സാവകാശം ചോദിച്ചിട്ടുണ്ടെങ്കില്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ കത്തിന് മറുപടിയായി അത് നല്‍കാമായിരുന്നു.

കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകളാണ് പുറത്തുവന്നികൊണ്ടിരിക്കുന്നത്.സംഭവത്തില്‍ ജില്ലാ കളക്ടറുടെ പരാതി പോലീസിന്റെ മുന്നിലുണ്ട്. സിറ്റി പോലീസ് കമ്മിഷണര്‍ മുമ്പാകെയുള്ള പരാതി പോലീസ് പരിശോധിച്ചുവരികയാണ്.

pathram:
Leave a Comment