വനിതാ കോളെജില്‍ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

ഗുജറാത്തിലെ സഹജാനന്ദ വനിതാ കോളേജില്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ പരിശോധന നടത്തിയ കേസില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍, കോര്‍ഡിനേറ്റര്‍, സൂപ്പര്‍വൈസര്‍, വനിതാ പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ റീത്താ റാണിങ്ക, ഹോസ്റ്റര്‍ റെക്ടര്‍ റമീല ബെന്‍, പ്യൂണ്‍ നൈന എന്നിവരെ അന്വേഷണവിധേയമായി കോളേജ് മാനേജ്‌മെന്റ് ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോളേജുമായി ബന്ധമില്ലാത്ത അനിത എന്ന യുവതിക്കെതിരെയും എഫ് ഐ ആറില്‍ പരാമര്‍ശമുണ്ട്.

ആര്‍ത്തവകാലത്ത് ഹോസ്റ്റല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ വിദ്യാര്‍ഥിനികള്‍ തയ്യാറാകുന്നില്ല എന്നാരോപിച്ച് കഴിഞ്ഞ ആഴ്ച വിദ്യാര്‍ഥിനികളെ ആര്‍ത്തവ പരിശോധനക്ക് വിധേയരാക്കിയിരുന്നു. അടിവസ്ത്രമുള്‍പ്പടെ അഴിപ്പിച്ചാണ് വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവത്തില്‍ 60 വിദ്യാര്‍ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ദേശീയ വനിതാ കമ്മിഷന്‍ ഉള്‍പ്പടെ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ഭുജിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിനു കീഴിലുള്ള സെല്‍ഫ് ഫിനാന്‍സിങ് കോളേജാണ് സഹജാനന്ദ.

pathram:
Leave a Comment