ഡല്‍ഹി: നിര്‍ഭയ കേസിലെ നാലു കുറ്റവാളികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിനു രാവിലെ ആറിനു നടപ്പാക്കണമെന്നു പുതിയ മരണവാറന്റ്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രതികളില്‍ മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയും തിരസ്‌കരിച്ചു. ഇതോടെയാണു കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്.
പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരുടെ ദയാഹര്‍ജികളാണു രാഷ്ട്രപതി പലപ്പോഴായി തള്ളിയത്. നാലാമത്തെ പ്രതി പവന്‍ ഗുപ്ത ഇനിയും ദയാഹര്‍ജി നല്‍കിയിട്ടില്ല. ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതികളുടെ അപ്പീലില്‍ 6 മാസത്തിനുള്ളില്‍ വാദം ആരംഭിക്കണമെന്നു സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു നീളുന്നതിനിടെയാണ് സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഹൈക്കോടതി വധശിക്ഷ ശരിവച്ച കേസുകളിലെ പ്രതികളുടെ അപ്പീല്‍ 6 മാസത്തിനുള്ളില്‍, മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നു സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അപ്പീല്‍ നല്‍കിയാലുടന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കാനുള്ള നിര്‍ദേശം റജിസ്ട്രാര്‍ കീഴ്‌ക്കോടതികള്‍ക്കു നല്‍കണം.
2012 ഡിസംബര്‍ 16നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ ആറുപേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചു റോഡിലേക്ക് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയില്‍ മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു വലിയ തോതിലുള്ള പ്രതിഷേധങ്ങളാണു രാജ്യത്ത് അരങ്ങേറിയത്.
Leave a Comment