പണി പാളും… ഒരറ്റത്തുനിന്ന് മുഴുവന്‍ പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന നിയമം ലംഘിച്ചു പണിത കെട്ടിടങ്ങളുടെ പട്ടിക ഹാജരാക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശം.. നിയമം പാലിക്കാതെ പണിതത് 2,0000 ല്‍ അധികം കെട്ടിടങ്ങള്‍

കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ചു പണിതിരിക്കുന്ന മുഴുവന്‍ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക ഹാജരാക്കാന്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം. മരടില്‍ കര്‍ശന നിലപാട് സ്വീകരിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണു നടപടി. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അതില്‍ ഉള്‍പ്പെടുന്നത് പത്തു ജില്ലകളില്‍ നിന്നായി 2,0000 ല്‍ അധികം കെട്ടിടങ്ങളാണ്. അനധികൃത കെട്ടിടങ്ങളെ സംബന്ധിച്ച കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുക എന്നത് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കുക. മറിച്ച് മരടിനു സമാനമായ വിധിയുണ്ടായാല്‍ വര്‍ഷങ്ങളായി താമസിച്ചു വരുന്നവരെ ഒഴിപ്പിക്കുന്നതു മുതല്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുവരെ ഇത് നീണ്ടു കിടക്കുന്നു.

മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ സംബന്ധിച്ച കോടതി നടപടികള്‍ മുന്നോട്ടുപോകവെയാണ് കേരളത്തില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച നിരവധി കെട്ടിടങ്ങളുണ്ടെന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടില്‍ത്തന്നെ ഇരുനൂറിലധികം അനധികൃത നിര്‍മാണങ്ങള്‍ ഉണ്ടെന്ന് കേരളം സത്യവാങ്മൂലം നല്‍കിയിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിയത്. ഇതിനായി നാലുമാസത്തെ സമയമാണ് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി അനുവദിച്ചത്.

നിയമലംഘനം കണ്ടെത്തി അറിയിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ പരിശോധന അന്തിമ ഘട്ടത്തിലെത്തിയതായും റിപ്പോര്‍ട്ട് ഉടന്‍ കോടതിക്കു സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍നടപടികള്‍ കോടതി തീരുമാനപ്രകാരമായിരിക്കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് കാട്ടിയാണ് മേജര്‍ രവി കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിന്മേലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ്. സുപ്രീംകോടതി വിധിയെ തുടര്‍ന്നു പൊളിച്ചു നീക്കിയ മരടിലെ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റ് മേജര്‍ രവിയുടേതായിരുന്നു. കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെയും അനധികൃത കയ്യേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇനി മാര്‍ച്ച് 23ന് ഈ കേസ് പരിഗണിക്കും.

തീരദേശത്തെ 10 ജില്ലകളില്‍ സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ 26,330 കെട്ടിടങ്ങളാണു കണ്ടെത്തിയത്. ഇതില്‍ കെട്ടിടനിര്‍മാണച്ചട്ട ലംഘനം അടക്കമുള്ളവ ഉള്‍പ്പെട്ടതിനാല്‍ വിശദപരിശോധന നടത്തി അന്തിമപട്ടിക തയാറാക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇതോടെ, കെട്ടിടങ്ങളുടെ എണ്ണം 20,000ല്‍ താഴെയാകുമെന്നാണു കണക്കുകൂട്ടല്‍. പട്ടികയില്‍ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളുടെ വീടുകളാണ്. സര്‍ക്കാര്‍ രൂപീകരിച്ച കോസ്റ്റല്‍ ഡിസ്ട്രിക്ട് കമ്മിറ്റി (സിഡിസി)കളാണ് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കിയത്. പട്ടികയെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കാന്‍ ജില്ലാതലത്തില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ നടത്തിയിരുന്നു. പരാതികളില്‍ പുനഃപരിശോധന നടത്തിയശേഷം അന്തിമപട്ടിക തയാറാക്കും.

തിരുവനന്തപുരം 3535,കൊല്ലം 4868, ആലപ്പുഴ 4536, എറണാകുളം 4239,കോട്ടയം 147, തൃശൂര്‍ 852, മലപ്പുറം 731, കോഴിക്കോട് 3848, കാസര്‍കോട് 1379, കണ്ണൂര്‍ 2195 എന്നിങ്ങനെയാണ് ഒരോ ജില്ലയിലും തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ നിലവിലെ കണക്ക്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2011ല്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലെ ദൂരപരിധി അനുസരിച്ചുള്ള ചട്ടലംഘനങ്ങളാണു റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞവര്‍ഷം ദൂരപരിധി കുറച്ചു വിജ്ഞാപനം ഭേദഗതി ചെയ്തിരുന്നു. തുരുത്തുകളില്‍ 20 മീറ്റര്‍ ദൂരെയും കായലുകള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവയുടെ 50 മീറ്റര്‍ ദൂരെയും നിര്‍മാണം നടത്താം. എന്നാല്‍, പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ തയാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. ഇതു നിലവില്‍ വരുന്നതോടെ ഇപ്പോള്‍ ചട്ടലംഘനങ്ങളായി കണ്ടെത്തിയ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും നിയമപരിധിയിലാകുമെന്നാണു കണക്കുകൂട്ടല്‍. പക്ഷേ, പുതിയ വിജ്ഞാപനത്തിനു മുന്‍കൂര്‍ പ്രാബല്യം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

മരടിലെ ഫ്‌ളാറ്റു പൊളിക്കലുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി മേജര്‍ രവിയുടെ ഹര്‍ജിയും പരിഗണിച്ചത്. വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് സെക്രട്ടറി ഉടന്‍ തന്നെ നിലപാട് കോടതിയെ അറിയിക്കണമെന്നുമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചത്. മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരവും മറ്റും നിശ്ചിക്കുന്നതു സംബന്ധിച്ച ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നു തന്നെ ആളുകളെ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്നു. മാത്രമല്ല നഷ്ടപരിഹാരം ഇപ്പോഴും ഒരു കടമ്പയായി നില്‍ക്കുകയാണ്. ഈ അവസരത്തില്‍ ഇത്രയധികം കെട്ടിടങ്ങളുടെ പട്ടിക തയാറാക്കി നല്‍കുന്നതോടെ സുപ്രീം കോടതി വിധി എന്തായിരിക്കുമെന്ന ആശങ്കയും സര്‍ക്കാരിനെ അലട്ടും.

pathram:
Leave a Comment