ട്രെയിനുകളില്‍ വന്‍കവര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് റെയില്‍വേ അധികാരികളും ഉദ്യോഗസ്ഥരുമാണെന്ന് പൊലീസ്

തിരുവനന്തപുരം: ട്രെയിനുകളില്‍ വന്‍കവര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് റെയില്‍വേ അധികാരികളും ഉദ്യോഗസ്ഥരുമാണെന്ന് പൊലീസ്! വെറും ആരോപണമല്ല. ജനറല്‍ ടിക്കറ്റുമായി എ.സി കോച്ചിലെത്തി, അധികപണം നല്‍കി ടിക്കറ്റ് മാറ്റിവാങ്ങുന്നവരുടെ തിരിച്ചറിയല്‍ രേഖ വാങ്ങണമെന്ന് പൊലീസ് നിരന്തരം ആവശ്യപ്പെട്ടിട്ടും റെയില്‍വേ ചെവിക്കൊള്ളുന്നില്ല. തിരിച്ചറില്‍ രേഖയുടെ പകര്‍പ്പ് വാങ്ങാനായില്ലെങ്കില്‍ ആധാര്‍, പാന്‍കാര്‍ഡ് നമ്ബരുകള്‍ എഴുതി സൂക്ഷിക്കുകയോ യഥാര്‍ത്ഥ രേഖകള്‍ ടിക്കറ്റ് പരിശോധകര്‍ കണ്ട് ബോദ്ധ്യപ്പെടുകയോ വേണമെന്ന ആവശ്യവും തള്ളി. എ.സി.കോച്ചുകളില്‍ പൊലീസിന്റെ പട്രോളിംഗും ടി.ടി.ഇമാര്‍ വിലക്കുന്നു. ഫലമോ കൊള്ളസംഘങ്ങള്‍ ജനറല്‍ടിക്കറ്റ് തരംമാറ്റി എ.സി കോച്ചുകളില്‍ കയറിക്കൂടി കവര്‍ച്ച തുടരുന്നു.

മലബാര്‍, ചെന്നൈ-മംഗളൂരു ട്രെയിനുകളിലെ കവര്‍ച്ചയ്ക്കു പിന്നില്‍ ഇത്തരത്തില്‍ ടിക്കറ്റ് തരംമാറ്റി എ.സി.കോച്ചില്‍ കയറിക്കൂടിയ രണ്ട് സ്ത്രീകളെ സംശയിക്കുന്നതായി പൊലീസ് മേധാവി ലോക്നാഥ്ബെഹ്‌റ ‘കേരളകൗമുദി’യോട് പറഞ്ഞു. ഒരു പരിശോധനയുമില്ലാതെ എ.സി.ടിക്കറ്റ് തരംമാറ്റുന്നതിലൂടെ റെയില്‍വേക്ക്‌ വരുമാനമുണ്ടാകുമെങ്കിലും ഇത് വന്‍സുരക്ഷാഭീഷണിയാണ്. മാസങ്ങളായി എ.സി കോച്ചുകളിലെ കവര്‍ച്ചകളെക്കുറിച്ച്‌ അന്വേഷിച്ച പൊലീസിന് ഒരു തുമ്ബുമുണ്ടാക്കാനായിട്ടില്ല. യാത്രക്കാരുടെ പട്ടികയും ഫോണ്‍വിളി വിവരങ്ങളുമെല്ലാം ചികഞ്ഞെങ്കിലും ഫലമുണ്ടായില്ല. രേഖകളില്‍ ഇല്ലാത്ത ‘യാത്രക്കാരാണ്’ എല്ലായിടത്തും കൊള്ള നടത്തിയതെന്നാണ് റെയില്‍വേ പൊലീസിന്റെ നിഗമനം.

എട്ടു ലക്ഷത്തിലേറെ യാത്രക്കാരുമായി 291ട്രെയിനുകള്‍ ദിവസേന തലങ്ങുംവിലങ്ങുമോടുന്ന കേരളത്തില്‍ ആകെയുള്ളത് 721 റെയില്‍വേ പൊലീസ് മാത്രമാണ്. അവധി,പരിശീലനം,വിശ്രമം എന്നിവയ്ക്കു പുറമേ മൂന്നു ഷിഫ്​റ്റ് ഡ്യൂട്ടികൂടിയാകുമ്ബോള്‍ ഒരുദിവസം ഡ്യൂട്ടിക്ക് 200 പേര്‍ മാത്രം. മൂന്നരലക്ഷത്തിലേറെ വനിതായാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നത് 30 വനിതാപൊലീസ്. 13 റെയില്‍വേ പൊലീസ് സ്റ്റേഷനുകളിലെ സ്ഥിതിയാണിത്. ട്രെയിനിലെ സുരക്ഷയ്ക്ക് പൊലീസിന്റെ എണ്ണംകൂട്ടണമെന്ന് റെയില്‍വേയോട് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമില്ല. റെയില്‍വേ പൊലീസില്‍ 200 പൊലീസുകാരെ അധികമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും റെയില്‍വേ അംഗീകരിച്ചില്ല. ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നവരുടെ ശമ്ബളമടക്കമുള്ള ചെലവുകളുടെ പകുതി തുക റെയില്‍വേയാണ് വഹിക്കുന്നതെന്നതിനാല്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതിയില്ലാതെ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കാനാവില്ല. 208 പൊലീസുകാരെ അടിയന്തരമായി അയയ്ക്കണമെന്ന് റെയില്‍വേ എസ്.പി മഞ്ജുനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാകമ്ബാര്‍ട്ടുമെന്റുകളില്‍ സുരക്ഷയൊരുക്കാന്‍ റെയില്‍വേയോട് പൊലീസ് ആവശ്യപ്പെട്ട 128 യാത്രാപാസ് ഇതുവരെ നല്‍കിയിട്ടില്ല. ടിക്കറ്റെടുത്ത് ട്രെയിനില്‍ കയറി സുരക്ഷയൊരുക്കുമെന്ന് മുഖ്യമന്ത്റി പ്രഖ്യാപിച്ചിരുന്നെങ്കിലും ടിക്ക​റ്റും പാസുമില്ലാതെയാണ് ഇപ്പോഴും റെയില്‍വേ പൊലീസിന്റെ യാത്ര.

സംസ്ഥാന പോലീസ് മേധാവി പറയുന്നത് ഇങ്ങനെ..

 രണ്ടുതരം സുരക്ഷ

റെയില്‍വേ സംരക്ഷണസേന: റെയില്‍വേ സ്വത്തുക്കളുടെയും വസ്തുവകകളുടെ സംരക്ഷണം

റെയില്‍വേ പൊലീസ്: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാചുമതല, ക്രമസമാധാനപാലനം

സായുധസുരക്ഷ

മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള വി.ഐ.പി യാത്രക്കാരുണ്ടെങ്കിലേ ട്രെയിനുകളില്‍ പൊലീസിന്റെ സായുധസുരക്ഷയുള്ളൂ. അല്ലാത്തപ്പോള്‍ ലാത്തിയും ടോര്‍ച്ചുമാണ് ആയുധം. വനിതാകമ്ബാര്‍ട്ടുമെന്റില്‍ സായുധരായ രണ്ട് വനിതാപോലീസുകാരെ നിയോഗിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.

കണ്‍ട്രോറൂം ഉടന്‍

റെയില്‍വേ പൊലീസിന്റെ കണ്‍ട്രോള്‍റൂം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഉടന്‍ തുറക്കും. എല്ലാ സ്റ്റേഷനുകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ ഏകോപനവുമെല്ലാം ഇവിടെ സാദ്ധ്യമാവും. യാത്രക്കാരുടെ പരാതികള്‍ക്ക് മിന്നല്‍വേഗത്തില്‍ പരിഹാരമുണ്ടാക്കും.

”ജനറല്‍ടിക്കറ്റ് എ.സി ടിക്കറ്റാക്കി തരംമാറ്റുന്നവരുടെ തിരിച്ചറിയല്‍രേഖ ശേഖരിക്കണമെന്ന് റെയില്‍വേക്ക്‌ കത്തുനല്‍കും. രാത്രികാല ട്രെയിനുകളിലെ പട്രോളിഗും പരിശോധനയും കര്‍ശനമാക്കും. സ്റ്റേഷനുകളിലെ സി.സി.ടി.വി നിരീക്ഷണം കൂട്ടണം.

pathram desk 2:
Leave a Comment