ചെന്നൈ • തമിഴ് താരം വിജയ്‌യുടെ പുതിയ ചിത്രമായ ‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന നെയ്‌വേലി എൻഎൽസി കവാടത്തിനു മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. സിനിമയുടെ ഷൂട്ടിങ് എൻഎൽസി സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചാണു പ്രതിഷേധം. ഫോസിൽ ഫ്യുയൽ മൈനിങ് പൊതുമേഖലാ സ്ഥാപനമാണ് എൻഎൽസി.
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കം 200 ആളുകളാണ് നെയ്‌വേലി എൻഎൽസിയിൽ ഷൂട്ടിങ്ങിനായി ഉള്ളതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ മൈനിങ് നടക്കുന്ന 100 ഏക്കർ സ്ഥലത്താണ് ഇപ്പോൾ ഷൂട്ടിങ് നടക്കുന്നത്. ഇതാണ് ഇപ്പോൾ ബിജെപി പ്രതിഷേധത്തിനു കാരണം. വിജയ്‌യുടെ ചെന്നൈയിലെ വീട്ടിലടക്കമുള്ള ആദായനികുതി വകുപ്പ് റെയ്ഡിനെ തുടർന്നു നിർത്തിവച്ച ഷൂട്ടിങ് വെള്ളിയാഴ്ചയാണ് പുനഃരാരംഭിച്ചത്.
‘ബിഗിൽ’ സിനിമയുടെ നിർമാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അൻപുചെഴിയന്റെ നികുതിവെട്ടിപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് വിജയ്‌യിനെ ചോദ്യം ചെയ്തതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ച നെയ്‌വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ച് ഇന്നലെ രാത്രി 8.45 വരെയും ചോദ്യം ചെയ്തു.
Leave a Comment