തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെ മുൻ ഡിജിപി ടി.പി.സെൻകുമാർ നൽകിയ കേസ് അവസാനിപ്പിച്ച് പൊലീസ്. സെൻകുമാറിന്റെ പരാതിയിലെ ഗൂഢാലോചന, കയ്യേറ്റം ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രസ് ക്ലബില്‍ നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് സെന്‍കുമാറിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.
മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്. തുടർന്നാണ് കടവിൽ റഷീദിനും മാധ്യമപ്രവർത്തകനായ പി.ജി.സുരേഷ്കുമാറിനുമെതിരെ സെൻകുമാർ കന്റോണ്‍മെന്റ് സ്റ്റേഷനിൽ പരാതി നൽകിയത്. കടവിൽ റഷീദിനെ ഭീഷണിപ്പെടുത്തിയതിനെതിരെ സമൂഹ മാധ്യമത്തിൽ എഴുതിയതിനാണ് സുരേഷ്കുമാറിനെതിരെ കേസ് കൊടുത്തത്. മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. ഡിജിപിയോട് ഈ വിഷയം പരിശോധിക്കാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രസ് ക്ലബ്ബിൽ ജനുവരി 16ന് നടത്തിയ വാർത്താ സമ്മേളനത്തിനിടയിലാണ് മാധ്യമപ്രവർത്തകനോട് സെൻകുമാർ മോശമായി പെരുമാറിയത്. സെൻകുമാറിനൊപ്പം വന്ന രണ്ടുപേർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തു. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോ എന്നു ചോദിച്ചതാണു സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്. കടവിൽ റഷീദ് നൽകിയ പരാതിയിൽ സെന്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സുഭാഷ് വാസുവിനെതിരെയും കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
Leave a Comment