തിരുവനന്തപുരം • കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. മൂന്നു പേർക്ക് വൈറസ് ബാധ ഉണ്ടായി. ഇവർക്കൊപ്പം ചൈനയിൽ നിന്നു വന്ന 79 പേർക്കു കൂടി രോഗം ഉണ്ടായേക്കാം. ചൈനയിൽ നിന്നു വന്ന ശേഷം സർക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നതു കുറ്റകൃത്യമായി കണക്കാക്കി നടപടി എടുക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
ആദ്യം തൃശ്ശൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയുമായി സമ്പർക്കമുള്ളതായി കണ്ടെത്തിയത് 84 പേർക്കാണ്. ഇതിൽ 40 പേർ തൃശ്ശൂർ ജില്ലയിലും മറ്റുള്ളവർ ബാക്കി ജില്ലകളിലുമാണ്. ഇവരെയെല്ലാവരെയും വിശദമായി നിരീക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
എല്ലാ ജില്ലകളിലും ചൈനയിൽ നിന്നുള്ളവർ തിരികെ വരാനിടയുണ്ട്. വിവരശേഖരണം ജില്ലാടിസ്ഥാനത്തിൽ നടത്തിവരികയാണ്. സംസ്ഥാനത്തെമ്പാടും 2239 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 84 പേരാണ് ആശുപത്രിയിലുള്ളത്. 2155 പേർ വീടുകളിലും. 140 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 49 എണ്ണത്തിന്‍റെ ഫലം വന്നു. ഇതിലെ മൂന്ന് കേസുകളാണ് ഇപ്പോൾ പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്.
കൊറോണവൈറസ് ബാധ പടരുന്നത് കർശനമായി തടയാൻ റാപ്പിഡ് റെസ്പോൺസ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികൾ ഉണ്ടാക്കി. നിരീക്ഷണത്തിലുള്ളവർക്ക്കൗൺസിലിംഗിന് പ്രത്യേക കൗൺസിലിംഗ് സംഘത്തെ ഏർപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
28 ദിവസം നിരീക്ഷണമെന്ന് തീരുമാനിച്ചത് ആരോഗ്യവിദഗ്‍ധരുടെ നിർദേശപ്രകാരമാണ്. ആ കൃത്യം 28 ദിവസം തന്നെ ക്വാറന്‍റൈൻ ചട്ടങ്ങൾ പാലിച്ച് കഴിയണം. 14 ദിവസം മതിയെന്ന് ആരും കരുതരുത് – കെ കെ ശൈലജ ആവശ്യപ്പെട്ടു.
Leave a Comment