പാകിസ്താനെ തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് വെറും 10 ദിവസം മതിയെന്ന് മോദി

പാകിസ്താനെ തകര്‍ക്കാന്‍ ഇന്ത്യക്കു വേണ്ടത് വെറും 10 ദിവസങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴു മുതല്‍ 10 ദിവസങ്ങള്‍ വരെ മാത്രമാണ് ഇന്ത്യക്കു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ എന്‍സിസി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പാകിസ്താനെ നിലക്കു നിര്‍ത്താന്‍ മുന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

”അവര്‍ ഒരുപാട് പ്രഭാഷണങ്ങള്‍ നടത്തി. പക്ഷേ, ആക്ഷനെടുക്കാന്‍ അനുമതി നേടിയപ്പോള്‍ അവര്‍ നിഷേധിച്ചു. പക്ഷേ, ഇപ്പോള്‍ യുവ ചിന്തയിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെ തീവ്രവാദികളെ ഒരു പാഠം പഠിപ്പിക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും എയര്‍ സ്‌ട്രൈക്കുകളും അവരുടെ സ്വന്തം സ്ഥലത്ത് നടത്തും.”- മോദി പറഞ്ഞു.

2016ല്‍ പാക് അധിനിവേശ കശ്മീരിലുണ്ടായിരുന്ന തീവ്രവാദ ക്യാമ്പുകളിലും കഴിഞ്ഞ വര്‍ഷം പാകിസ്താനിലെ ബലാകോട്ടിലും നടത്തിയ എയര്‍ സ്‌ട്രൈക്കുകളും മോദി സൂചിപ്പിച്ചു. ഈ സൈനിക നീക്കത്തിലൂടെ ജമ്മു കശ്മീരില്‍ മാത്രമല്ല, രാജ്യത്തുടനീളം സമാധാനം കൈവന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ബലാകോട്ട് ആക്രമണത്തില്‍ 250 ഭീകരരെ വധിച്ചുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച കോണ്‍ഗ്രസ് വ്യോമാക്രമണത്തെയും സംശയിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു. സൈന്യത്തിന്റെ ആത്മവീര്യം നശിപ്പിക്കാനാണ് നീക്കം. സൈന്യത്തിനെതിരയല്ല, ഭീകരര്‍ക്കെതിരെയാണ് നിലപാടെടുക്കേണ്ടത്. ശത്രുക്കളെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ് നിര്‍ത്തണം. ഇതൊന്നും ജനങ്ങള്‍ മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

pathram:
Leave a Comment