ഗവര്‍ണര്‍ ഗോ ബാക്ക്, പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. ഗവര്‍ണര്‍ പ്രധാനകവാടത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ത്തന്നെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. സഭയില്‍ അത്യപൂര്‍വമായ, ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയ സാഹചര്യത്തില്‍ വാച്ച് ആന്റ് വാര്‍ഡിനെ വിളിച്ചു. സഭാ നടപടികള്‍ തടസ്സപ്പെടുത്തരുതെന്നും ഗവര്‍ണറെ അകത്തേക്ക് കയറാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിയമമന്ത്രി എ.കെ. ബാലന്‍ പ്രതിപക്ഷ നേതാവിനോട് സംസാരിക്കുന്നു. ഉന്തും തള്ളും സംഘര്‍ഷവും നടക്കുന്ന സാഹചര്യം ഉണ്ടായി.. അത്യന്തം നാടകീയമായ സാഹചര്യങ്ങള്‍ അരങ്ങേറി.

പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് നിലപാടെടുത്ത ഗവര്‍ണറുടെ പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയിട്ടുള്ളത്. ഗവര്‍ണറെ തിരിച്ച് വിളിക്കുക, ഭരണഘടനയുടെ ആമുഖ എന്നിവ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടത്തുളത്തിലിറങ്ങിയത്.

പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പ്. ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ വാദം

1) ഭരണഘടനയുടെ അനുച്ഛേദം 176 (1) അനുസരിച്ച് എല്ലാവര്‍ഷവും സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിവസം സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും സഭാംഗങ്ങളെ അറിയിക്കണമെന്നത് ഗവര്‍ണറുടെ ചുമതലയാണെന്ന് യൂണിയന്‍ ഓഫ് ഇന്ത്യയും ബസവയ്യ ചൗധരിയും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ വായിക്കേണ്ടത് നയപ്രഖ്യാപന രേഖയാണ്.

2) പൗരത്വനിയമ ഭേദഗതി സംസ്ഥാനവിഷയമായ കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നത്.

3) പൗരത്വനിയമത്തെപ്പറ്റി പരാമര്‍ശിക്കുന്നത് കോടതിയലക്ഷ്യമല്ല.

4) ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ അതേപടി അംഗീകരിക്കണം.

ഗവര്‍ണറുടെ വാദം

1) കോടതിവിധി ചൂണ്ടിക്കാട്ടിയതിനു നന്ദി. ഇതനുസരിച്ച് നയവും പരിപാടിയും സര്‍ക്കാരിന്റെ അഭിപ്രായവും തമ്മില്‍ മുഖ്യമന്ത്രിതന്നെ കൂട്ടിക്കുഴയ്ക്കുന്നുവെന്നു വ്യക്തം. നയവും പരിപാടിയും അവതരിപ്പിക്കണമെന്നല്ലാതെ തങ്ങളുടെ പരിധിയിലല്ലാത്ത കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാരിന്റെ കാഴ്ചപ്പാട് ഗവര്‍ണര്‍ അവതരിപ്പിക്കണമെന്ന് ഭരണഘടനയും സുപ്രംകോടതിയും പറഞ്ഞിട്ടില്ല.

2) പൊതുസുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്നമാണെങ്കില്‍ കാര്യനിര്‍വഹണ ചട്ടത്തിന്റെ 34 (2) അനുസരിച്ച് പ്രത്യേകമായി ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.

3) നിയമസഭാ നടപടിക്രമങ്ങളുടെ 119-ാം ചട്ടപ്രകാരം കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭ ചര്‍ച്ചചെയ്യാന്‍ പാടില്ല.

4) മന്ത്രിസഭയുടെ പരിധിക്കുപുറത്ത് ഭരണഘടനാപരമായ വിഷയമാണെങ്കില്‍ ഗവര്‍ണര്‍ക്ക് സ്വയംവിവേചനപരമായ തീരുമാനമെടുക്കാം. 163 (2) അനുച്ഛേദവും നബാം റേബിയ, ബമാങ് ഫെലിക്സ് എന്നിവരും അരുണാചല്‍ പ്രദേശ് ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും അതാണ് പറയുന്നത്.

pathram:
Leave a Comment