ഇപ്പോഴും ആ സീറ്റില്‍ ആരും ഇരിക്കാറില്ല…!!! ധോണിയെ ശരിക്കും മിസ് ചെയ്യുന്നു

ധോണി എന്നും ഒരു വികാരമാണ്, ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും.. ഏകദിന ലോകകപ്പിനുശേഷം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടില്ലെങ്കിലും മഹേന്ദ്രസിങ് ധോണിയെ അങ്ങനെയങ്ങു മറക്കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കില്ല. ധോണിയുടെ തണലില്‍ വളര്‍ന്നവരാണ് ഇപ്പോഴത്തെ ടീമിലെ മിക്ക അംഗങ്ങളും. ആ സ്‌നേഹവും നന്ദിയും ഉള്ളതുകൊണ്ടാകണം, ടീം ബസില്‍ ധോണി സാധാരണ ഇരിക്കാറുള്ള ഏറ്റവും പിന്നിലെ അറ്റത്തുള്ള സീറ്റില്‍ ഇപ്പോഴും ആരും ഇരിക്കാറില്ലത്രെ! ഇന്ത്യന്‍ ടീമിന്റെ വിശേഷങ്ങള്‍ ‘ചെഹല്‍ ടിവി’ എന്ന വ്യത്യസ്തമായ മാധ്യമത്തിലൂടെ ആരാധകരിലെത്തിക്കുന്ന യുസ്വേന്ദ്ര ചെഹലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ധോണിയെ ടീമംഗങ്ങള്‍ക്ക് ഇപ്പോഴും വല്ലാതെ ‘മിസ്’ ചെയ്യുന്നുണ്ടെന്നും ചെഹല്‍ വെളിപ്പെടുത്തി.

ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങള്‍ക്കു ശേഷം ഹാമില്‍ട്ടനിലേക്കുള്ള യാത്രമധ്യേയാണ് ചെഹല്‍ ടിവിയിലൂടെ താരത്തിന്റെ വെളിപ്പെടുത്തല്‍. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച ഹാമില്‍ട്ടനിലാണ് നടക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 20ന് മുന്നിലാണ്.

‘ചെഹല്‍ ടിവിയില്‍ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഒരു താരമുണ്ട് (ധോണി). അദ്ദേഹത്തിന് ഇതില്‍ മുഖം കാണിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ചില സമയത്ത് എന്നോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തതാണ്. പക്ഷേ, പിന്നീടാകട്ടെ എന്ന് പറഞ്ഞ് ഞാനാണ് നിരുത്സാഹപ്പെടുത്തിയത്’ ചെഹല്‍ പറഞ്ഞു.

‘ഈ സീറ്റില്‍ ഇപ്പോഴും ആരും ഇരിക്കാറില്ല. ഞങ്ങള്‍ക്ക് അദ്ദേഹത്തെ ശരിക്കും ‘മിസ്’ ചെയ്യുന്നുണ്ട്’ ധോണി സാധാരണ ഇരിക്കാറുള്ള ഏറ്റവും പിന്നിലെ അറ്റത്തുള്ള സീറ്റിലേക്ക് വിരല്‍ ചൂണ്ടി ചെഹല്‍ പറഞ്ഞു. ഹാമില്‍ട്ടനിലേക്കുള്ള യാത്രാമധ്യേ ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ലോകേഷ് രാഹുല്‍, കുല്‍ദീപ് യാദവ് തുടങ്ങിയവരും ചെഹല്‍ ടിവിയില്‍ മുഖം കാണിച്ചു.

pathram:
Related Post
Leave a Comment