ഇത് സിനിമാക്കഥയല്ല..!! കേരള പോലീസ് സൂപ്പറാണ്…!!!

മോഷണം നടക്കുന്ന വീടുകളില്‍ നിന്നുള്ള വിവരങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൊലീസ് സ്റ്റേഷനിലെത്തുന്നു. ഇത് സിനിമാക്കഥയോ വിദേശ രാജ്യങ്ങളിലെ സംഭവങ്ങളോ അല്ല. നമ്മുടെ കേരളവും ഇനി സൂപ്പറാകും. വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ എന്നുവേണ്ട എവിടെയെങ്കിലും ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ ഏഴു സെക്കന്‍ഡിനുള്ളില്‍ പൊലീസിനെ വിവരം അറിയിക്കുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) പദ്ധതിയുമായി കേരള പൊലീസ് എത്തിയിരിക്കുന്നു. കെല്‍ട്രോണാണു സാങ്കേതിക സഹായം നല്‍കുന്നത്. സിഐഎംഎസ് പരിരക്ഷയുള്ള വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ മൂന്നു മുതല്‍ ഏഴു സെക്കന്‍ഡിനകം പൊലീസ് ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദേശവും സംഭവങ്ങളുടെ ലൈവ് വിഡിയോയും ലഭിക്കും.

ലോക്കല്‍ കണ്‍ട്രോള്‍ റൂമിലേക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും. സെന്‍സര്‍, ക്യാമറ, കണ്‍ട്രോള്‍ പാനല്‍ എന്നിവയാണ് സിഐഎംഎസ് സംവിധാനത്തിലുള്ളത്. ആരെങ്കിലും അതിക്രമിച്ചുകടന്നാല്‍ ക്യാമറയും സെന്‍സറുകളും പ്രവര്‍ത്തനക്ഷമമായി ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് തല്‍സമയം എത്തും. ദൃശ്യങ്ങള്‍ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തുലക്ഷം ഉപഭോക്താക്കളെവരെ ഉള്‍ക്കൊള്ളാന്‍ ആദ്യഘട്ടത്തില്‍ കഴിയും.

രണ്ട് കമ്പനികളുടെ ഇന്റര്‍നെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെന്‍സറുകളുടെയും ക്യാമറയുടെയും എണ്ണത്തില്‍ വ്യത്യാസം വരും. കുറഞ്ഞത് 80,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിമാസം 500 രൂപ മുതല്‍ 1000 രൂപവരെ കെല്‍ട്രോണ്‍ ഫീസായി ഈടാക്കും. കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാന്‍ ആലോചനയുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, ഫ്‌ലാറ്റുകള്‍, ഓഫിസുകള്‍, ബാങ്കുകള്‍, എടിഎം കൗണ്ടറുകള്‍ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സിഐഎംഎസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പിക്കാം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കേരള പൊലീസിന്റെയും കെല്‍ട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഉപകരണം പ്രവര്‍ത്തനരഹിതമായാല്‍ അപ്പോള്‍തന്നെ വിവരം കണ്‍ട്രോള്‍ റൂമില്‍ എത്തും. സര്‍വീസ് എന്‍ജിനീയര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കും. ഈ വിവരം സ്ഥാപന ഉടമയെ എസ്എംഎസ് ആയി അറിയിക്കും. വാര്‍ത്താ സമ്മേളനത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, കെല്‍ട്രോണ്‍ മാര്‍ക്കറ്റിങ് മേധാവി എ.ഗോപാകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

central intrusion monitoring system kerala

pathram:
Related Post
Leave a Comment