മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ നവിമുംബൈയില്‍ നെരൂളിലുള്ള ഭൂമി വില്‍ക്കാന്‍ ശ്രമം. ഇതുവഴി 1500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര നഗര, വ്യവസായ വികസന കോര്‍പ്പറേഷന്റെ (സിഡ്കോ) സഹായത്തോടെ പരമാവധി വില ലഭ്യമാക്കി ഭൂമി വില്‍ക്കാനാണ് ആലോചന നടക്കുന്നത്. ഏകദേശം ഒരു ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലമാണ് എയര്‍ഇന്ത്യയുടേതായി നവിമുംബൈയിലുള്ളത്. ഇതിന്റെ പത്തുശതമാനംമാത്രമാണ് നിലവില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി വികസിപ്പിച്ചിട്ടുള്ളത്. ബാക്കി താമസസ്ഥലമാണ്.
പുതിയ വിമാനത്താവളം വരുന്ന പശ്ചാത്തലത്തില്‍ നവിമുംബൈ മേഖലയില്‍ വന്‍ വികസനപദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥലത്തിന് മികച്ച വിലലഭിക്കുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ ഈ സ്ഥലത്തുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളിലായി അഞ്ഞൂറോളം താമസക്കാരുണ്ട്. എയര്‍ഇന്ത്യ ജീവനക്കാര്‍ക്കാണ് ഇവിടെ ഫ്‌ളാറ്റ് കൈമാറിയിട്ടുള്ളത്.
2011-’12ലാണ് എയര്‍ഇന്ത്യയുടെ ആസ്തികള്‍ വില്‍ക്കുന്നതിന് സര്‍ക്കാര്‍ ശ്രമംതുടങ്ങിയത്. വര്‍ഷം 500 കോടിയുടെ ആസ്തികള്‍വീതം വില്‍ക്കാനാണ് തീരുമാനിച്ചത്. രണ്ടുവര്‍ഷംമുമ്പ് 9500 കോടി രൂപയുടെ 111 ആസ്തികള്‍ വില്‍ക്കാന്‍ നടപടികളായിരുന്നു. ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പലതിലും അതില്‍ കാണിച്ചിരുന്ന കുറഞ്ഞ തുകയ്ക്കുപോലും വാങ്ങാനാളെത്തിയില്ല. ഇതോടെ ഈ ശ്രമം പരാജയപ്പെട്ടു.
അതിനിടെ എയര്‍ ഇന്ത്യയുടെ നൂറുശതമാനം ഓഹരികളും വിറ്റഴിക്കാന്‍ നടപടികള്‍ തുടങ്ങി. വാങ്ങാനുദ്ദേശിക്കുന്നവര്‍ മാര്‍ച്ച് 17-നകം താത്പര്യപത്രം സമര്‍പ്പിക്കണം. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും മുഴുവന്‍ ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് സേവനങ്ങള്‍ നല്‍കാന്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സുമായി സഹകരിച്ചുണ്ടാക്കിയ സംയുക്തസംരംഭമായ ഐസാറ്റ്സിന്റെ പകുതി ഓഹരികളുമാണ് വിറ്റഴിക്കുക. വാങ്ങുന്നവര്‍ക്ക് എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡ്തന്നെ തുടരാം. ലേലം സംബന്ധിച്ച പ്രാഥമിക വിവരപത്രം തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്.
എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ 2018-ല്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ആരും താത്പര്യമറിയിച്ചില്ല. അതില്‍നിന്ന് ‘പാഠമുള്‍ക്കൊണ്ടാണ്’ സര്‍ക്കാര്‍ ഇപ്പോള്‍ നൂറുശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്.
Leave a Comment