‘മുംബൈ ഇനി ഉറങ്ങില്ല’

മുംബൈ: മുംബൈ ഇനി ഉറങ്ങില്ല. 24 മണിക്കൂറും ‘തുറന്നു പ്രവര്‍ത്തിക്കുന്ന’ നഗരമാകുകയാണ് മുംബൈ. മാളുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, കടകള്‍, റസ്റ്ററന്റുകള്‍ എന്നിവയ്ക്ക് മുംബൈയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഈ മാസം 27 മുതല്‍ ‘നൈറ്റ് ലൈഫ്’ പദ്ധതി പ്രാബല്യത്തില്‍ വരും. രാവ് ഉണരും വരെ നഗരവാസികള്‍ക്ക് ഷോപ്പിങ് നടത്താനും ഹോട്ടലില്‍ പോകാനും, സിനിമ തിയറ്റിലെത്താനുമെല്ലാമുള്ള സൗകര്യമാണ് ലഭിക്കുക. അതേസമയം, ബാറുകള്‍ നിലവിലെ നിയമപ്രകാരം പുലര്‍ച്ചെ 1.30ന് തന്നെ അടയ്ക്കും.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും സംസ്ഥാന ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെയുടെ സ്വപ്ന പദ്ധതിയാണിത്. കൂടുതല്‍ തൊഴിലവസരത്തിനും ബിസിനസിനും വരുമാനത്തിനും പദ്ധതി വഴിയൊരുക്കുമെന്ന് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. രാത്രി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പൊലീസ് സുരക്ഷ ആവശ്യമെങ്കില്‍ അതിന് പണം അടയ്‌ക്കേണ്ടിവരും.

പദ്ധതി നടപ്പാക്കിയാല്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിക്കുമെന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ രാജ് പുരോഹിതിന്റെ പ്രതികരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, യുവാക്കള്‍ക്ക് ബിജെപി എതിരാണെന്നായിരുന്നു പ്രതികരണം. അവര്‍ കോളജ് വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്നതു കാണുന്നില്ലേയെന്നും ജെഎന്‍യു, ജാമിയ മില്ലിയ സര്‍വകലാശാലകളിലെ ഉദാഹരണങ്ങള്‍ എടുത്തുകാട്ടി ആദിത്യ താക്കറെ പറഞ്ഞു.

pathram:
Related Post
Leave a Comment