ജാമ്യ വ്യവസ്ഥയിൽ ഇളവ്; ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ വരാമെന്ന് കോടതി

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ്. നാലാഴ്ച ഡൽഹിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ചില നിയന്ത്രണങ്ങളോടെ ആസാദിന് നഗരത്തിൽ പ്രവേശിക്കാമെന്നു തീസ് ഹസാരി കോടതി ഉത്തരവ് പുതുക്കുകയായിരുന്നു.

ഡൽഹി ജുമാ മസ്ജിദിൽ പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിനു പിന്നാലെയാണ് ആസാദിനെ ഡിസംബർ 21ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണു ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കണമെന്നു ശനിയാഴ്ച ആസാദിന്റെ അഭിഭാഷകൻ കോടതിയിൽ അഭ്യർഥിച്ചു. ചില വ്യവസ്ഥകൾ മൗലികാവകാശങ്ങളുടെ ലംഘനമാണ്. തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനും എയിംസിൽ ചികിത്സ തേടാനും ഇടയ്ക്കിടെ കോടതിയുടെ അനുവാദം ചോദിക്കേണ്ടി വരുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇതു പരിഗണിച്ചാണു മുൻ ഉത്തരവ് കോടതി പുതുക്കിയത്. ചന്ദ്രശേഖറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ, പ്രതിഷേധത്തെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി കോടതി വിമർശിച്ചിരുന്നു. പ്രതിഷേധം നടന്ന ജുമാമസ്ജിദ് പാക്കിസ്ഥാനിലാണെന്ന രീതിയിലാണു പൊലീസ് പെരുമാറുന്നത്. പാക്കിസ്ഥാനാണെങ്കിൽ പോലും അവിടെ പോകാം, പ്രതിഷേധിക്കാം. നിരോധനാജ്ഞ പൊലീസ് തെറ്റായി പ്രയോഗിക്കുന്നത് പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നു കോടതി ഓർമിപ്പിച്ചു.

Tags- Bhim Army Chief Chandrashekhar Azad,
Delhi court

pathram desk 2:
Related Post
Leave a Comment