എട്ടുപേരും ഒരേ മുറിയില്‍; മരണത്തിനിടയാക്കിയത്…

നേപ്പാളില്‍ എട്ടു മലയാളികളുടെ മരണത്തിനിടയാക്കിയത് മുറിയിലെ ഗ്യാസ് ഹീറ്ററില്‍നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രിയോടെ ദമനിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത 15 അംഗ സംഘത്തിലെ എട്ടു പേര്‍ക്കാണ് വാതകം ശ്വസിച്ച് ദാരുണാന്ത്യമുണ്ടായത്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് ഇവര്‍.

തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാണ് സംശയം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് ഹോട്ടല്‍ മാനേജറും മൊഴി നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ സംഘത്തിലെ മറ്റുള്ളവര്‍ ബലം പ്രയോഗിച്ച് മുറി പരിശോധിച്ചപ്പോഴാണ് എട്ടു പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ധംബരാഹിയിലെ എച്ച്.എ.എം.എസ്. ആശുപത്രിയിലെത്തിച്ചു. രാവിലെ 10.40 നും 11.30നുമാണ് എട്ടു പേരെയും ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേ മരണം സംഭവിച്ചിരുന്നതായാണ് എച്ച്.എ.എം.എസ്. ആശുപത്രി അധികൃതരുടെ വിശദീകരണം. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുന്നതിനും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ഇന്ത്യന്‍ എംബസിയുമായും നേപ്പാള്‍ പോലീസുമായും ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

pathram:
Related Post
Leave a Comment