നഗ്ന നേത്രങ്ങള്‍കൊണ്ട് നിങ്ങള്‍ നോക്കിയോ..? ഡിസംബര്‍ 26ന് നടന്ന സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

ഡിസംബര്‍ 26 ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ച 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് വിവരം പുറത്തുവന്നത്. 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ് സൂര്യഗ്രഹണം കണ്ടതിനെ തുടര്‍ന്ന് കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്.

ജെയ്പുരിലെ സവായ് മാന്‍ സിങ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സ തേടിയിരിക്കുന്നത്. ഇവരുടെ കാഴ്ച പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം ദര്‍ശിച്ച ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നത്.

സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയ നിലയിലാണ്. ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് കാഴ്ച ഭാഗികമായി മാത്രമേ ചിലപ്പോള്‍ വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കേരള, ഒഡീഷ, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ന്യൂഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമായത്. രാവിലെ 8.15 മുതല്‍ 11 മണി വരെയാണ് സൂര്യഗ്രഹണം ഉണ്ടായിരുന്നത്.

അമാവാസി ദിനത്തില്‍ സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്.

സൂര്യഗ്രഹണം നടക്കുന്ന സമയത്ത് പുറത്തിറിങ്ങാന്‍ പാടില്ല, ഭക്ഷണവും വെള്ളവും ഒഴിവാക്കണം തുടങ്ങിയ വിശ്വാസങ്ങള്‍ തെറ്റാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാന്‍ പാടില്ലെന്ന് മാത്രമാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

pathram:
Leave a Comment