നിയമം പൂര്‍ണമായും വായിച്ചുനോക്കണം; മുസ്ലീങ്ങള്‍ക്ക് എതിരെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതാണ് നിയമമെന്നും അമിത് ഷാ പറഞ്ഞു. നിയമത്തിനെതിരെ സമരം ചെയ്യുന്നതിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടയിലെ ഹുബ്ബള്ളിയില്‍ സംഘടിപ്പിച്ച ജന്‍ ജാഗരണ്‍ അഭിയാന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്ത് കളയുന്നതാണ് നിയമമെന്ന് തെളിയിക്കാന്‍ അമിത് ഷാ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു. നിയമം പൂര്‍ണമായും വായിച്ചുനോക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തില്‍ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാന്‍ വകുപ്പുകളില്ല. രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. മുസ്ലീങ്ങളുടെ പൗരത്വത്തെ ബാധിക്കുന്ന എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലവും തീയതിയും നിശ്ചയിച്ചോളുവെന്നും അമിത് ഷാ വെല്ലുവിളിച്ചു.

നിയമത്തിനെതിരെ സംസാരിക്കുന്നവരോട് ഒന്ന് മാത്രമേ ചോദിക്കാനുള്ളു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ദളിതര്‍ക്കെതിരെ നില്‍ക്കുന്നതില്‍ കൂടി നിങ്ങള്‍ക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധര്‍ കൂടിയാണ്- അമിത് ഷാ പറഞ്ഞു. പാകിസ്താനില്‍ നിന്നും പീഡനമനുഭവിച്ച് വരുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്ന് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞു. ആദ്യത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ പറഞ്ഞു, ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പറഞ്ഞു. ആചാര്യ കൃപലാനി, മൗലാന ആസാദ് തുടങ്ങിയവരൊക്കെ ഇത് പറഞ്ഞു. ഇവരൊക്കെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഇത്രയും കാലം നിങ്ങള്‍ വഗ്ദാനം പാലിച്ചില്ല. അത് പൂര്‍ത്തീകരിച്ചത് നരേന്ദ്രമോദിയാണ്.

പാകിസ്താനില്‍ നിന്ന് വരുന്ന ഹിന്ദു, സിഖ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൗരത്വവും ജോലിയും ജീവിക്കാനുള്ള സാഹചര്യവും നല്‍കേണ്ടത് ഭാരത സര്‍ക്കാരിന്റെ കര്‍ത്തവ്യമാണെന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി, മമതാ ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, ജെഡിഎസ്, ബിഎസ്പി, സമാജ്വാദി പാര്‍ട്ടി എന്നിവര്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ബിജെപി അത്തരമൊരു പാര്‍ട്ടിയല്ലെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് ഇരട്ട നിലപാടുള്ള പാര്‍ട്ടിയാണ്. രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് അവരെ ജയിപ്പിച്ചാല്‍ സ്വാതന്ത്ര്യത്തിന് ശേഷം എത്തിയവര്‍ക്ക് പൗരത്വം നല്‍കുമെന്നായിരുന്നു. എന്നാല്‍ വോട്ട്ബാങ്ക് നഷ്ടപ്പെടുമെന്ന ഭയംകൊണ്ട് അവര്‍ വാക്ക് പാലിക്കാനുള്ള നടപടികളെടുക്കാന്‍ തയ്യാറായില്ലെന്നും അമിത് ഷാ പറഞ്ഞു.

pathram:
Leave a Comment