ശിവസേന പോട്ടെ, മഹാരാഷ്ട്രയില്‍ പുതിയ നീക്കവുമായി ബിജെപി

മുംബൈ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതുവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങളാണ് 2019ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ നടന്നത്. ബിജെപിയും ശിവസേനയും വേര്‍പിരിഞ്ഞതും അതിന്റെ ഭാഗമായി നടന്ന രാഷ്ട്രീയ പാതിരാ നാടകങ്ങളും ജനങ്ങള്‍ മറന്നിട്ടില്ല. ഒടുവില്‍ അടിയറവ് വച്ചുവെങ്കിലും ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ ബിജെപി തയാറല്ല. മുംബൈയില്‍ നിന്ന് വരുന്ന പുതിയ വാര്‍ത്തകള്‍ അങ്ങിനെയാണ്. ശിവസേനയുമായി വഴിപിരിഞ്ഞതിന് പിന്നാലെ മഹാരാഷ്ട്രയില്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്)യുമായി ബിജെപി കൈകോര്‍ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് എം.എന്‍.എസ് തലവന്‍ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയതാണ് മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് ഉടലെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം. അതേസമയം ഇരുനേതാക്കളും അത്തരമൊരു കൂടിക്കാഴ്ച നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുമുണ്ട്.

പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ് താക്കറെയും ദേവന്ദ്ര ഫഡ്നവിസും മുംബൈ സെന്‍ട്രലിലുള്ള ഇരുവരുടെയും പൊതു സുഹൃത്തിന്റെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ ഇങ്ങനെയാണെങ്കിലും എം.എന്‍.എസുമായി സഖ്യമുണ്ടാകുമോയെന്ന കാര്യം ബിജെപിയോ ഫഡ്നവിസോ വ്യക്തമാക്കിയിട്ടില്ല. രാജ് താക്കറെയും മൗനത്തിലാണ്. അതേസമയം മുംബൈയില്‍ ജനുവരി 23ന് എം.എന്‍.എസ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ രാജ് താക്കറെ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം.

സഖ്യമായി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ പരസ്പര ധാരണകളോടെ സഖ്യമില്ലാതെ അടവുനയം സ്വീകരിച്ച് പ്രവര്‍ത്തിക്കുക എന്നിങ്ങനെ രണ്ട് വഴികളാണ് ഇരുപാര്‍ട്ടികള്‍ക്കും മുന്നിലുള്ളത്. ഔദ്യോഗികമായ സഖ്യത്തിന് ബിജെപി തയ്യാറായാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുടിയേറിയവര്‍ എതിരാകുമോ എന്ന ആശങ്കയും പാര്‍ട്ടിക്ക് മുന്നിലുണ്ട്. പ്രത്യേകിച്ച് ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വോട്ടുകള്‍ നിര്‍ണായകമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടവുനയം സ്വീകരിച്ചെങ്കിലും എം.എന്‍.എസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നതും ഇക്കാരണം കൊണ്ടായിരുന്നു. ഇനി തിരഞ്ഞെടുപ്പുകളില്‍ പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ പോലും സംസ്ഥാനത്ത് ഉടന്‍ മറ്റ് തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നില്ല. അങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഇരുപാര്‍ട്ടികള്‍ക്കും കാര്യങ്ങള്‍ തീരുമാനിക്കാന്‍ ധാരാളം സമയം ലഭിക്കും.

ശിവസേനയുടെ വോട്ടുബാങ്കുകളില്‍ കടന്നുകയറാനും നിലവിലെ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന മഹാവികാസ് അഖാഡി സഖ്യത്തിന്റെ മുംബൈ, പുണെ, നാസിക് നഗരങ്ങളിലെ ശക്തി ക്ഷയിപ്പിക്കുക തുടങ്ങിയവയാണ് എം.എന്‍.എസുമായുള്ള കൂട്ടുകെട്ടിലൂടെ ബിജെപി ആഗ്രഹിക്കുന്നത്. ഇനി വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ സഖ്യമായി തന്നെ മത്സരിക്കാനാണ് മഹാവികാസ് അഖാഡിയുടെ തീരുമാനം. അത് സാധ്യമായാല്‍ ബിജെപിക്ക് വലിയ ക്ഷീണമുണ്ടാകും. ഇതിന് മറികടക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.

അതേസമയം ഒരിടത്തും നിലയുറപ്പിക്കാന്‍ സാധിക്കാതെ പ്രതിസന്ധി ഘട്ടത്തിലാണ് രാജ് താക്കറെയും എം.എന്‍.എസും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റുമാത്രമേ എം.എന്‍.എസിന് നേടാന്‍ സാധിച്ചുള്ളു. മാത്രമല്ല മുംബൈ, പുണെ, നാസിക് തുടങ്ങിയ പ്രധാന നഗര സഭകളില്‍ പാര്‍ട്ടിക്ക് നാമമാത്രമായ സാന്നിധ്യം മാത്രമേയുള്ളു. നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോവുകയും ചെയ്തു. പ്രതിസന്ധിയില്‍ നിന്ന കരകയറാന്‍ എന്‍എന്‍എസിന് ഒരു സഹായ ഹസ്തം ലഭിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയില്‍ നിന്ന് സഹായം ലഭിക്കുമെന്നാണ് എംഎന്‍എസ് കേന്ദ്രങ്ങള്‍ സ്വകാര്യമായി പറയുന്നത്.

ബിജെപിയുമായി കൈകോര്‍ക്കാന്‍ രാജ് താക്കറെയുടെ അടുത്ത വൃത്തങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബിജെപിയെ അകമഴിഞ്ഞ് വിശ്വസിക്കാന്‍ അവര്‍ തയ്യാറല്ല. 2014ല്‍ തങ്ങളെ വഞ്ചിച്ചവരാണ് ബിജെപിയെന്നാണ് എംഎന്‍എസ് പറയുന്നത്. 2014ല്‍ മോദിയെ ഉയര്‍ത്തിക്കാട്ടി ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മോദിയെ പിന്തുണയ്ക്കാന്‍ എം.എന്‍.എസ് തയ്യാറായി. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി തുനിഞ്ഞത് എം.എന്‍.എസിന്റെ അതൃപ്തിക്ക് കാരണമായി. ശിവസേനയെ ഒഴിവാക്കി ബിജെപി തങ്ങളെ കൂടെ കൂട്ടുമെന്നായിരുന്നു എംഎന്‍എസ് കരുതിയിരുന്നത്. ബിജെപിയും ശിവസേനയും തമ്മില്‍ അത്രത്തോളം വാഗ്വാദങ്ങളാണ് ആ സമയത്ത് നടന്നിരുന്നത്.

എന്നാല്‍ എംഎന്‍എസിനെ ബിജെപി അവഗണിച്ചതിന് പ്രതികാരമായി രാജ് താക്കറെ മോദിയുടെ നിശിത വിമര്‍ശകനായി മാറുകയാണ് ചെയ്തത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിനായി പ്രചാരണം നടത്തുകയാണ് രാജ് താക്കറെ ചെയ്തത്.

എന്നാല്‍ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പിന്നാലെ ബിജെപിയും ശിവസേനയും വഴിപിരിയുകയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ എന്‍ആര്‍സിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളാണ് എംഎന്‍എസിന് ബിജെപിയോടുള്ള അനുഭാവം വര്‍ധിപ്പിച്ചത്. എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനോട് എംഎന്‍എസ് അനുകൂലമാണ്.

pathram:
Related Post
Leave a Comment