വയറിനുള്ളിൽ മൂന്ന് പ്ലാസ്റ്റിക് കവറുകൾ; കണ്ടെത്തിയത് 90,000 യുഎസ് ഡോളർ വിലവരുന്ന വജ്രം

വയറിനുള്ളിൽ വജ്രം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ യാത്രക്കാരനെ ഷാർജ അധികൃതർ പിടികൂടി. ഷാർജ ഫെഡറൽ കസ്റ്റംസ് അതോറിറ്റി ഷാർജ പോർട്സ് ആൻഡ് കസ്റ്റംസ് ഡിപാർട്ട്മെന്റിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ജനറൽ അതോറിറ്റി ഫോർ സെക്യൂരിറ്റി പോർട്ട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസ് എന്നീ വിഭാഗങ്ങളും സഹായത്തിനായി എത്തി. ഏതാനും ദിവസം മുൻപാണ് സംഭവം നടന്നതെന്ന് ഫെഡറൽ കസ്റ്റംസ് അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

ആഫ്രിക്കൻ സ്വദേശിയായ ഒരു യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് ഇയാൾ വയറിനുള്ളിൽ വലിയ അളവിൽ വജ്രം ശേഖരിച്ച് ഇത് യുഎഇയിലേക്ക് കടത്താൻ ശ്രമിക്കുകയാണെന്ന് വ്യക്തമായത്. ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു ശ്രമം. ഉടൻ തന്നെ ഷാർജ കസ്റ്റംസ് വിഭാഗവും ഫെഡറൽ കസ്റ്റംസ് അധികൃതർ ഇയാളെ പിടികൂടി തുടർ നടപടികൾ ആരംഭിച്ചു.

ഷാർജ വിമാനത്താളത്തിലെ എമിഗ്രേഷൻ വിഭാഗത്തെ സന്ദർശിച്ചപ്പോൾ ഇയാളുടെ പാസ്പോർട്ട് ഇവർ പിടിച്ചുവയ്ക്കുകയും ആഫ്രിക്കൻ സ്വദേശിയെ ഷാർജ കസ്റ്റംസിന് കൈമാറുകയുമായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഭാഗുകളും ഇയാളെയും വിശദമായി പരിശോധിച്ചു. ഷാർജ കസ്റ്റംസിന്റെ കൈവശമുള്ള പ്രത്യേക സ്കാനർ വഴി ഇയാളെ പരിശോധിച്ചപ്പോഴാണ് വയറിനുള്ളിൽ മൂന്ന് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയത്. 90,000 യുഎസ് ഡോളർ വിലവരുന്ന 297 ഗ്രാം വജ്രമായിരുന്നു ഇത്.

ചോദ്യം ചെയ്യലിൽ ഇയാൾ മുൻപ് പല തവണ യുഎഇയിൽ വന്നിട്ടുണ്ടെന്ന് വ്യക്തമായി. എന്നാൽ, ആ സമയത്തൊന്നും ഇത്തരത്തിൽ സാധനങ്ങൾ കടത്താൻ ശ്രമിച്ചിരുന്നില്ല. ആഫ്രിക്കൻ രാജ്യത്തു നിന്നും വജ്രം കടത്തിക്കൊണ്ടുവന്ന് യുഎഇയിൽ വിൽക്കാനായിരുന്നു ഇയാളുടെ ശ്രമം. യുഎഇയിൽ ആർക്ക് നൽകാനാണ് എന്നു ചോദിച്ചപ്പോൾ ആരുടെയും പേര് പറഞ്ഞില്ലെന്നും നല്ല വില നൽകുന്ന ആവശ്യക്കാർക്ക് വിൽക്കാനായിരുന്നു പദ്ധതിയെന്നും ഇയാൾ പറഞ്ഞു. രണ്ട് പാർട്ട്നർമാരും ഇയാൾക്കുണ്ടെന്നാണ് വിവരം.

pathram desk 2:
Related Post
Leave a Comment