ചക്കയാണേല്‍ ചുഴിഞ്ഞു നോക്കാം; സെന്‍കുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ തെറ്റെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ടി പി സെന്‍കുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അന്ന് മഹേഷ് കുമാര്‍ സിംഗ്‌ളയായിരുന്നു ഡിജിപി ആകേണ്ടിയിരുന്നത്. ഒരു മലയാളി ആകട്ടെ എന്ന് കരുതി ചെയ്തതാണെന്നും ചെന്നിത്തല കൈ കൂപ്പി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

”ചക്കയാണേല്‍ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും? സെന്‍കുമാറിനെ ഡിജിപിയാക്കിയത് ഞാന്‍ ചെയ്ത ഏറ്റവും വലിയ പാതകമാണ്. മഹാ അപരാധമാണ്. അതിന്റെ ദുരന്തം ഇപ്പോള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു”വെന്ന് ചെന്നിത്തല.

”മഹേഷ് കുമാര്‍ സിംഗ്ല എത്തേണ്ട പദവിയായിരുന്നു അത്. അന്ന് ഒരു മലയാളി ഡിജിപി ആകട്ടെ എന്ന് കരുത് മാത്രമാണ് അന്നാ തീരുമാനമെടുത്തത്. എന്ത് ചെയ്യാനാണ്”, എന്ന് ചെന്നിത്തല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായിരുന്ന സെന്‍കുമാറിനെ പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ സ്ഥാനത്ത് നിന്ന് മാറ്റിയതും അതിനെതിരെ നടന്ന നിയമപോരാട്ടങ്ങളും, ഒടുവില്‍ കുറച്ചുകാലത്തേക്ക് സെന്‍കുമാര്‍ വീണ്ടും ഡിജിപി പദവിയിലെത്തിയതും, കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കിയ വിവാദങ്ങളായിരുന്നു.

അതിന് ശേഷവും സെന്‍കുമാര്‍ സമര്‍ത്ഥനായ ഉദ്യോഗസ്ഥനാണെന്നാണ് തന്റെ അനുഭവമെന്നാണ് ചെന്നിത്തല തന്നെ ഒരിക്കല്‍ പ്രശംസിച്ചിട്ടുള്ളത്. എന്നാല്‍ സംഘപരിവാറുമായി ചായ്‌വുള്ള തരത്തില്‍ സെന്‍കുമാര്‍ നിലപാട് വ്യക്തമാക്കാന്‍ തുടങ്ങിയതോടെ തീവ്ര വലതുപക്ഷത്തിന്റെ ചട്ടുകമാകരുത് സെന്‍കുമാറെന്ന് ചെന്നിത്തല ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ബിജെപിയില്‍ സജീവ പ്രവര്‍ത്തനം നടത്തുന്ന, ശബരിമല കര്‍മസമിതിയുടെ ദേശീയ തലത്തിലുള്ള നേതാവായ സെന്‍കുമാറിനെതിരെ തുറന്ന പരിഹാസവും വിമര്‍ശനവും നടത്തുകയാണ് ചെന്നിത്തല. ‘അതൊരു തെറ്റായിരുന്നു, പറ്റിപ്പോയി’ എന്ന തുറന്നുപറച്ചിലിലൂടെ.

pathram:
Related Post
Leave a Comment